മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത ബഹുനില മന്ദിരം രണ്ടാംതവണയും ഉദ്ഘാടനം നടത്തി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ പണി തുടങ്ങി 2016 തുടക്കത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച അമ്മയുടെയും കുഞ്ഞിന്റെയും ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്നലെ കെ. ആന്‍സലന്‍ എം.എല്‍.എ രണ്ടാം തവണ ഉദ്ഘാടനം ചെയ്തതായി ആക്ഷേപം.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 13 കോടിയില്‍പ്പരം രൂപ മുടക്കി പണിത ഈ ബഹുനില മന്ദിരം തുടക്കത്തില്‍ തന്നെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയിടയിലും തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഈ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാകുന്ന വേളയില്‍ നിയമസഭ ഇലക്ഷന്‍ പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു. പെരുമാറ്റചട്ടം വരുന്നതിനു മുന്‍പു തന്നെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. എന്നാല്‍ മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നതുമില്ല.
എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭ പലകാരണങ്ങള്‍ പറഞ്ഞ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയായിരുന്നതായി പൊതുജനങ്ങള്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആക്ഷേപമുണ്ട്. അങ്ങനെയാണ് അല്ലറ ചില്ലറ പണികള്‍ തീര്‍ത്ത് ഇന്നലെ ഗ്രൗണ്ട് ഫ്‌ളോറും ഒന്നാം നിലയുടെയും ഉദ്ഘാടന കര്‍മ്മം എം.എല്‍.എ രണ്ടാം തവണ നിര്‍വഹിച്ചത്. ഇതില്‍ എച്ച്.എം.സിക്കും നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായിട്ടാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു, കൗണ്‍സിലര്‍ സുകുമാരി , ആശുപത്രി സൂപ്രണ്ട് ഡോ.സ്റ്റാന്‍ലി തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രൗണ്ട് ഫ്‌ളോറില്‍ മെഡിസിന്‍ ഒ.പി, ജനറല്‍ ഒ.പി, സര്‍ജറി ഒ.പി, ഓര്‍ത്തോ ഒ.പി, ഗയിനോക്കോളജി ഒ.പി, ഇന്‍ജക്ഷന്‍ ഒ.പി, നഴ്‌സിങ് സൂപ്രണ്ട് ഓഫീസ്, സര്‍ജറി ട്രസിംഗ് റൂം, ഒ.പി കൗണ്ടര്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, ഫാര്‍മസി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഒന്നാം നിലയില്‍ നേത്രവിഭാഗം ഒ.പി, പീഡിയ ഒ.പി, തൊക്ക്‌രോഗ വിഭാഗം ഒ.പി, കുട്ടികളുടെ വാര്‍ഡ് എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."