കൈയേറ്റം തടയാനെത്തിയ പഞ്ചായത്ത് അധികൃതരെ പൊലിസ് തടഞ്ഞു
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ടൗണില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി മത്സ്യ - മാംസ കച്ചവടം നടത്തി വരുന്ന ഷെഡ് റോഡിലേക്ക് തകര്‍ന്നു വീണത് നീക്കം ചെയ്യിപ്പിക്കാനെത്തിയ ഗ്രാമപഞ്ചായത്ത് അധികൃതരെ പൊലിസ് തടഞ്ഞു. പൊലിസിന്റെ ഇടപെടല്‍ മൂലം റോഡിലേക്ക് തകര്‍ന്നു വീണ മുഴുവന്‍ അവശിഷ്ടങ്ങളും റോഡില്‍ നിന്നും നീക്കം ചെയ്യാനായില്ല.
പള്ളിക്കല്‍ ബസാര്‍ അങ്ങാടിയില്‍ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള മൂന്ന് സെന്റ് സ്ഥലം കൈയ്യേറിയാണ് ചിലര്‍ വര്‍ഷങ്ങളായി കച്ചവടം നടത്തി വരുന്നത്. കൈയേറ്റം ഒഴിയാന്‍ നിയമാനുസൃതം ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനിടെ പള്ളിക്കല്‍ ബസാര്‍ പള്ളിയിലുണ്ടായ അക്രമ സംഭവത്തിനിടയില്‍ ഷെഡ് തകര്‍ക്കപ്പെട്ടിരുന്നു. ഷെഡിന്റെ മേല്‍ക്കൂരയടക്കമുള്ള ഭാഗങ്ങള്‍ റോഡിലേക്ക് തകര്‍ന്ന് വീണ് റോഡില്‍ ഗതാഗത തടസത്തിന് കാരണമായി. തൊട്ടടുത്ത മദ്‌റസയിലേക്കുള്ള റോഡും തടസപ്പെട്ടു. ഇത് കാരണം മദ്‌റസ കമ്മിറ്റിയും നാട്ടുകാരും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവ നീക്കം ചെയ്യാന്‍ അധികൃതരെത്തിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ള ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഇവ നീക്കം ചെയ്യുന്നതിനിടെയെത്തിയ പൊലിസ് പ്രവൃത്തി തടയുകയായിരുന്നു. ഭരണ സ്വാധീനത്തിന്റെ മറവില്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള പൊലിസ് നീക്കമാണ് ഇതിനു പിന്നിലെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.
ഇതിനിടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയെ പൊതു ജനമധ്യത്തില്‍ തരം താഴ്ത്തുന്ന രീതിയില്‍ സംസാരിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി മിഥുന പറഞ്ഞു. അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉന്നത പൊലിസ് ഉദ്യാഗസ്ഥര്‍ക്ക് മിഥുന പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് തേഞ്ഞിപ്പലം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."