കുമ്പളയിലെ സര്‍ക്കാര്‍ ഓഫിസിലെത്താന്‍ 'കാടുകയറണം'
ഇഴജന്തുക്കളുടെ ഭീഷണിയുള്ളതിനാല്‍ ഇതു വഴിയുള്ള യാത്ര ജനത്തിനു ഭീതിയുണര്‍ത്തുകയാണ്
കുമ്പള: സ്വച്ഛ് ഭാരത്, ഹരിതകേരളം പദ്ധതികള്‍ നടപ്പാക്കുമ്പോഴും സര്‍ക്കാര്‍ ഓഫിസ് പരിസരം കാടുവളര്‍ന്നു ജനത്തിനു ദുരിതം സൃഷ്ടിക്കുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫിസിനു ചുറ്റുവട്ടത്തായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്‌പെക്ടര്‍ കാര്യാലയം, മൃഗാശുപത്രി, കോയിപ്പാടി വില്ലേജ് ഓഫിസ്, കൃഷി ഓഫിസ് എന്നീ കെട്ടിടങ്ങളുടെ പരിസരമാണു കാടുകയറി ഇഴജന്തുക്കളുടെയും പട്ടികളുടെയും കേന്ദ്രമായി മാറിയത്.
കാട് വെട്ടിത്തെളിച്ചു ജനത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികാരികളെ നിരവധി തവണ സമീപിച്ചെങ്കിലും ഇതു വരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കുമ്പള പൊലിസ് സ്റ്റേഷന്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്വകാര്യ കോളജുകള്‍ എന്നിവിടങ്ങളിലേക്കു പോകുന്ന വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന വഴിയില്‍ പകല്‍ സമയങ്ങളില്‍ പോലും പാമ്പുള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. കുമ്പളയില്‍ നിന്നു ബംബ്രാണ, കൊടിയമ്മ, കളത്തൂര്‍ എന്നീ പ്രദേശങ്ങളിലേക്കുള്ള എളുപ്പ വഴിയാണിത്.
എന്നാല്‍ ഇഴജന്തുക്കളുടെ ഭീഷണിയുള്ളതിനാല്‍ ഇതു വഴിയുള്ള യാത്ര ജനത്തിനു ഭീതിയുണര്‍ത്തുകയാണ്. കാടുമൂടിക്കിടക്കുന്ന ഈ വഴി എത്രയും പെട്ടെന്നു വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."