റേഷന്‍ കാര്‍ഡ്: പരാതിയില്‍ പരിശോധന ആരംഭിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ റേഷന്‍ കാര്‍ഡ് കരട് പട്ടികയില്‍ എ.എ.വൈ, മുന്‍ഗണനാ പട്ടികകളില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി ഭക്ഷ്യമന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് ഡയരക്ടറുടെ നിര്‍ദേശാനുസരണം അധികൃതര്‍ പരിശോധന ആരംഭിച്ചു. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട്, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ കാളീശ്വരം, പട്ടുവം പഞ്ചായത്തിലെ വെള്ളിക്കീല്‍, അരിയില്‍ പ്രദേശങ്ങളിലെ പരാതികള്‍ ലഭിച്ചവരുടെ വീടുകളിലെത്തിയായിരുന്നു നേരിട്ടുള്ള പരിശോധന. 1000 ചതുരശ്ര അടിക്ക് മേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരേയും ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുണ്ടെന്ന് തെളിഞ്ഞവരേയും നാലുചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ ഉള്‍പ്പെട്ടതും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ ഉള്‍പ്പെട്ടതുമായ കാര്‍ഡുകള്‍ മുന്‍ഗണനാ ഇതര വിഭാഗത്തിലേക്ക് മാറ്റി. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഒന്‍പതു പേര്‍ പട്ടികയില്‍ നിന്നു സ്വയം ഒഴിവാകാനുള്ള അപേക്ഷ അന്വേഷണ സംഘത്തിനു നല്‍കി. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ ഏഴു കുടുംബങ്ങളേക്കുറിച്ച് പരാതികള്‍ ലഭിച്ചതിനാല്‍ കാര്‍ഡ് തടഞ്ഞുവച്ചവര്‍ അര്‍ഹരാണെന്നു കണ്ടതിനാല്‍ മുന്‍ഗണനാ വിഭാഗത്തില്‍ തന്നെ നിലനിര്‍ത്തി. പരാതികളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അനന്തര നടപടികള്‍ക്കായി കലക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും കൈമാറും.
വിചാരണ സമയത്ത് പുനര്‍റാങ്കിങ് നിര്‍ണയത്തിന് പരിഗണിച്ച പരാതികളുടെ ഡാറ്റാ എന്‍ട്രി ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എച്ച്.ഐ.വി ബാധിതര്‍ ഉള്‍പ്പെട്ട കാര്‍ഡുകള്‍, പട്ടിക വര്‍ഗത്തില്‍പെട്ടവരുടെ കാര്‍ഡുകള്‍ എന്നിവയാണ് യഥാക്രമം മുന്‍ഗണന, എ.എ.വൈ വിഭാഗങ്ങളിലേക്ക് ആദ്യം പരിഗണിക്കുക.
താലൂക്കിലെ ഏതെങ്കിലും പട്ടികവര്‍ഗ കുടുംബങ്ങല്‍ എ.എ.വൈ ലിസ്റ്റില്‍ നിന്ന് പുറത്തായിട്ടുണ്ടെങ്കില്‍ ട്രൈബല്‍ ഓഫിസ് മുഖേന സപ്ലൈ ഓഫിസുമായി ബന്ധപ്പെടണം.
അനര്‍ഹരെന്ന് സ്വയം ബോധ്യമുള്ളവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാകാനുള്ള അപേക്ഷകള്‍ റേഷന്‍ കടകളിലോ സപ്ലൈ ഓഫിസുകളിലോ എഴുതി നല്‍കാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് സാബുജോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."