നവകേരളം ഹരിതകേരളം: പ്രവൃത്തികള്‍ ക്രോഡീകരിച്ച് 19ന് സമര്‍പ്പിക്കണം
തിരുവനന്തപുരം: നവകേരളം ഹരിതകേരളം പദ്ധതിയില്‍ ഇതു വരെ നടത്തിയ പ്രവൃത്തികള്‍ ക്രോഡീകരിച്ച് 19ാം തീയതി സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദേശം നല്‍കി. പദ്ധതിയുടെ ജില്ലാതല സെല്ലിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ പേര്, വാര്‍ഡ്, പ്രവൃത്തി, പങ്കെടുത്തവരുടെ എണ്ണം ഉള്‍പ്പെടെ ക്രോഡീകരിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടര്‍ വഴി കലക്ടര്‍ക്ക് സമര്‍പ്പിക്കണം. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിമാരോട് ക്രോഡീകരിച്ച റിപ്പോര്‍ട്ട് 19ന് തന്നെ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ കത്ത് നല്‍കണമെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ.മധു നിര്‍ദേശിച്ചു. ഒരു ബ്ലോക്കില്‍ ഒരു പഞ്ചായത്ത് മാതൃകയായി എടുത്തുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തണം. പദ്ധതിപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടടിക്കുന്ന ഒരു നിലപാടും അംഗീകരിക്കില്ല. സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ വിട്ടു നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടനടി നടപടികള്‍ സ്വീകരിക്കണം.
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമായി മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ മാത്രമേ ആത്യന്തികമായി പൊതുജനക്ഷേമമെന്ന ലക്ഷ്യം കൈവരിക്കാനാവുകയുള്ളുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍ഗണനാക്രമത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഒരോ പ്രവര്‍ത്തനങ്ങള്‍ക്കും രൂപരേഖയുണ്ടാക്കണം. ഇതിന്റെയടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യണമെന്നും കലക്ടര്‍ പറഞ്ഞു. ജലസംഭരണം, സംരക്ഷണം, വൃക്ഷതൈ വച്ചുപിടിപ്പിക്കല്‍, പരിപാലനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടണം. തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതോടൊപ്പം സര്‍ക്കാര്‍സ്വകാര്യ സ്‌കൂളുകള്‍ , കോളജുകള്‍ എന്നിവയുടെയും ലയണ്‍സ് ക്ലബ്ബ്, നെഹ്‌റു യുവ കേന്ദ്ര, എന്‍.സി.സി, എന്‍.എസ്.എസ്, യൂത്ത് ക്ലബ്ബുകള്‍, ആര്‍ട്‌സ് ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെയും സഹായം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കണം.
ജലസംരക്ഷണ മേഖലയില്‍ പ്രാവീണ്യമുള്ളവരുടെ പാനല്‍ തയാറാക്കി അവരുടെ ആശയങ്ങളും ക്രോഡീകരിക്കണം. രണ്ട് ഏക്കറും അധികവുമുള്ള ജലസ്രോതസുകളുടെ പരിപാലനം ജലവകുപ്പു തന്നെ നടത്തേണ്ട പശ്്ചാത്തലത്തില്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി ജലവകുപ്പിന് അറിയിപ്പു നല്‍കാന്‍ ജില്ലാ ഹരിതകേരളം ടീം ശ്രമിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വന്‍കിടപദ്ധതികളായ ജലസംരക്ഷണം,കൃഷി,ജലസേചനം മുതലായവയ്ക്ക് വ്യക്തമായ ഡി.പി.ആര്‍ തയാറാക്കിയുള്ള പ്രവര്‍ത്തനത്തിന് നടപടി സ്വീകരിക്കണം.
ഏതെങ്കിലും ഒരു ഗ്രാമത്തെ ഒരുവര്‍ഷം മുഴുവനുമുള്ള പ്രവര്‍ത്തനത്തിനായി എടുത്തുകൊണ്ട് ഹരിതഗ്രാമം എന്ന ആശയം സ്വീകരിച്ചുള്ള പ്രവര്‍ത്തനം ആവിഷ്‌ക്കരിക്കാനാകുമോയെന്ന് പരിശോധിക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സബ് കലക്ടറും സെല്‍ കോഓര്‍ഡിനേറ്ററുമായ ഡോ.ദിവ്യ എസ്.അയ്യര്‍, മറ്റ് വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."