വിഴിഞ്ഞം കടലോരത്ത് ഇരതേടി കടല്‍കാക്കകള്‍ കൂട്ടമായി എത്തുന്നതു കൗതുകമാകുന്നു
വിഴിഞ്ഞം: തുറമുഖ നിര്‍മാണം തുടങ്ങിയ മുല്ലൂര്‍ കടലില്‍ ഇരതേടി കടല്‍ കാക്കകള്‍ കൂട്ടമായെത്തുന്നത് കൗതുകമാകുന്നു. കടല്‍കുഴിക്കുന്ന മണല്‍ കരയിലേക്ക് തള്ളാന്‍ ഡ്രഡ്ജറുമായി ഘടിപ്പിച്ച് കടലില്‍ ഇട്ടിരിക്കുന്ന ഫ്‌ളോട്ടിംഗ് പൈപ്പുകള്‍ക്കു മുകളിലാണ് കടല്‍ കാക്കകള്‍ കൂട്ടത്തോടെയെത്തുന്നത്. കടല്‍കുഴിക്കല്‍ തുടങ്ങിയതോടെ വിഴിഞ്ഞം കടലില്‍ മത്സ്യസമ്പത്ത് കൂടിയതാകാം മത്സ്യംതേടിയെത്തുന്ന കാക്കകള്‍ കൂട്ടത്തോടെ ഇവിടെയെത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം കടലിന് സ്വാഭാവികമായി ആഴം കൂടുതലാണ്. കടല്‍ കുഴിച്ച് തുടങ്ങിയതിനാല്‍ ആഴം വീണ്ടും കൂടിയതോടെ ഉല്‍ക്കടലില്‍ വസിക്കുന്നതടക്കമുള്ള വലിയമീനുകളും ഇവിടെയെത്തുന്നുണ്ടെന്ന് മത്സ്യ ഗവേഷണ കേന്ദ്ര അധികൃതരും സ്ഥിരീകരിക്കുന്നു. നിലവില്‍ ഈ പ്രദേശത്ത് മത്സ്യ സമ്പത്ത് വര്‍ധിച്ചിട്ടുണ്ടെന്നുള്ളത് വാസ്ഥവമാണെന്നും ഇത് താത്കാലിക പ്രതിഭാസമാണോ എന്ന് വരും നാളുകളിലേ അറിയാന്‍ കഴിയൂ എന്നുമാണ് അധികൃതര്‍ പറയുന്നത്.
ഇവിടെ മീനിന്റെ സാന്നിധ്യം വര്‍ധിച്ചതോടെ ഇവയെ ആഹാരമാക്കാനാണ് കടല്‍കാക്കകളും എത്തുന്നത്. കടല്‍ക്കുഴിക്കുന്ന സമയത്ത് അടിത്തട്ടിലെ വെള്ളം കലങ്ങുന്നതു കാരണം കടലില്‍ കലക്കവെള്ളത്തില്‍ ജീവിക്കുന്ന മത്സ്യവിഭാഗങ്ങളും ഈ ഭാഗത്തേക്ക് എത്തുന്നുണ്ട്.ഇങ്ങനെ എത്തുന്ന വിവിധതരം മീന്‍ കുഞ്ഞുങ്ങളെ തിന്നാണ് കടല്‍കാക്കകളുടെ സംഘം കടലില്‍ ഫ്‌ളോട്ടിംഗ് പൈപ്പുകള്‍ക്കുമുകളില്‍ താവളമടിച്ചിരിക്കുന്നത്. കടല്‍ കുഴിക്കുന്ന ഡ്രഡ്ജറുമായി ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടിംഗ് പൈപ്പുകള്‍ കടലില്‍ അരകിലോമീറ്ററോളം വിസ്താരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."