സൂപ്പര്‍ സണ്‍ഡേ
കൊച്ചി: രണ്ടര മാസം നീണ്ട കല്‍പന്തുകളിയുടെ വസന്തം ഇന്നു പെയ്തിറങ്ങും. കൊച്ചി ആദ്യമായി ആതിഥ്യം വഹിക്കുന്ന ഐ.എസ്.എല്‍ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സും ആദ്യ സീസണിലെ ചാംപ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ആവേശത്തിന്റെ മഞ്ഞക്കടലായി മാറും. അര ലക്ഷത്തിനു മുകളില്‍ വരുന്ന കാണികള്‍ക്ക് മുന്നില്‍ ചാംപ്യന്‍ഷിപ്പ് മോഹവുമായിട്ടാണ് ഇരു ടീമുകളും കൊച്ചിയുടെ പുല്‍ത്തകിടിയില്‍ മാറ്റുരയ്ക്കുക. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി നേടിയ ആറു വിജയങ്ങളുടെ കരുത്തുമായി കളത്തിലിറങ്ങുന്ന കേരളത്തിന്റെ മഞ്ഞപ്പട ഏഴാമത് മത്സരം ട്രോഫിയില്‍ മുത്തമിട്ട് ചരിത്രവിജയമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
2014ലെ ആദ്യ സീസണില്‍ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പകരക്കാരനായി കളത്തിലെത്തിയ മലയാളി താരം മുഹമ്മദ് റഫീഖ് നേടിയ ഏക ഗോളിനു ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് അത്‌ലറ്റിക്കോ കിരീടം നേടിയിരുന്നു. ആ പരാജയത്തിനു പകരം വീട്ടി കിരീടം സ്വന്തമാക്കാന്‍ അതേ മുഹമ്മദ് റഫീഖുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിനെ സ്റ്റീഫന്‍ കോപ്പല്‍ എന്ന തന്ത്രശാലിയായ പരിശീലകന്‍ കളത്തിലിറക്കുന്നത്. മൂന്നാം സീസണില്‍ ആരായിരിക്കും ചാംപ്യന്മാര്‍ എന്ന ചോദ്യത്തിനു ഇന്ന് ഉത്തരം കിട്ടും.
ഇന്ത്യന്‍ ഫുട്‌ബോളിലെ നിതാന്ത വൈരികളായ ബംഗാളും കേരളവും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതുപോലെ തന്നെ ക്രിക്കറ്റിലെ രണ്ടു ഇതിഹാസ താരങ്ങളുടെ ടീമുകള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ്്് ഇന്നത്തെ ഫൈനലെന്ന പ്രത്യേകതയുമുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബ്ലാസ്റ്റേഴ്‌സ് ഉടമയാകുമ്പോള്‍ കൊല്‍ക്കത്തയുടെ ഉടമസ്ഥന്‍ ബംഗാള്‍ കടുവ സൗരവ് ഗാംഗുലിയാണ്.
കൊല്‍ക്കത്തയുടെ
മുന്നേറ്റവും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധവും
സി.കെ വിനീതും ബെല്‍ഫോര്‍ട്ടും നാസനും മുഹമ്മദ് റാഫിയും ഉള്‍പ്പെടുന്ന ടീമിന്റെ ആണിക്കല്ലിലാണ് കൊമ്പന്മാരുടെ പോരാട്ടം. ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ജിങ്കാന്‍ എന്നിവരങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
എന്നാല്‍ ഹോസുവിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പ്. ഇരു പാദ സെമിയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതിനാലാണ് ഹോസുവിനു നിര്‍ണായക പോരാട്ടത്തില്‍ പുറത്തിരിക്കേണ്ടി വന്നത്. ഇതോടെ മലയാളി താരം റിനോ ആന്റോ ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയേറി. അസ്‌റാക്ക് മഹ്്മദും മെഹ്താബ് ഹുസൈനും മധ്യനിരയില്‍ ഉണ്ടാകും.
പോസ്റ്റിഗയെയും ദൗതിയെയും പൂട്ടുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് മഹ്മ്മദിനും ഹുസൈനുമുള്ളത്. ഇതില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്നങ്ങള്‍ പൂവണിയും. വിനീത്, ബെല്‍ഫോര്‍ട്ട്, നാസണ്‍ എന്നിവരെ പിടിച്ചുകെട്ടുക എന്നതാണ് കൊല്‍ക്കത്തയുടെ മുന്നിലെ വെല്ലുവിളി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും കൊല്‍ക്കത്ത മുന്നേറ്റ നിരയും തമ്മിലാണ് ഇന്നത്തെ പോരാട്ടം.
ഹെല്‍ഡര്‍ പോസ്റ്റിഗ, ഇയാന്‍ ഹ്യൂം, പ്ലേ മേക്കര്‍ സമീഗ് ദൗതി എന്നിവരെ പ്രതിരോധിച്ചു നിര്‍ത്തുന്നതിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത.
രണ്ടാം പാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദി തിളക്കമാര്‍ന്ന പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഗ്രഹാം സ്റ്റാക്കിനെ ഇറക്കി ഗോള്‍ മുഖം കാക്കാനായിരിക്കും സാധ്യത. 4-4-2 ഫോര്‍മേഷനില്‍ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോള്‍ കൊല്‍ക്കത്ത ഹ്യൂമിനെ സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയിലായിരിക്കും ടീമിനെ അവതരിപ്പിക്കുക.
സാധ്യതാ ടീം-
കേരള ബ്ലാസ്റ്റേഴ്‌സ്
ഗോള്‍ കീപ്പര്‍: ഗ്രഹാം സ്റ്റാക്ക്. പ്രതിരോധം: ജിങ്കന്‍ (ഇടത്ത്), ഹ്യൂസ് (സെന്റര്‍), ഹെങ്‌ബെര്‍ട്ട് (സെന്റര്‍), റിനോ ആന്റോ (വലത്ത്). മധ്യനിര: സി.കെ.വിനീത് (ഇടത്), അസ്രാക് മഹ്്മത് (സെന്റര്‍), മെഹ്താബ് (സെന്റര്‍), റഫീഖ് (വലത്ത്്). മുന്‍നിര: ബെല്‍ഫോര്‍ട്ട്, നാസന്‍.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
ഗോള്‍കീപ്പര്‍: ദേബജിത് മജുംദാര്‍. പ്രതിരോധം: കീഗന്‍ (ഇടത്ത്), സെറീനോ ( സെന്റര്‍), മൊണ്ടാല്‍ (സെന്റര്‍), പ്രീതം കോട്ടാല്‍ (വലത്ത്). മധ്യനിര: പിയേഴ്‌സണ്‍ (സെന്റര്‍), ബോര്‍ഹ (സെന്റര്‍). മുന്‍ നിര: ഇയാന്‍ ഹ്യൂം (അറ്റാക്കര്‍, സെന്റര്‍), ഹെല്‍ഡര്‍ പോസ്റ്റിഗ (അറ്റാക്കര്‍, സെന്റര്‍), ഡിഡിക്ക (അറ്റക്കര്‍ ഇടത്്), ഹാവി ലാറ (അറ്റാക്കര്‍ വലത് ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."