കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്ത് മമതയും കെജ്്‌രിവാളും അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇളവ്
ന്യൂഡല്‍ഹി: അസാധുവാക്കിയ 500,1000 രുപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇളവ് നല്‍കിയതിനെ ചോദ്യം ചെയ്ത് പ.ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. നോട്ട് അസാധുവാക്കിയതില്‍ എല്ലാവര്‍ക്കും ഒരേ നിയമം ബാധകമാണോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. 500,1000 രൂപ നോട്ടുകള്‍ അസാധുവാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമായി ഇളവ് നല്‍കുന്നത് എന്തിനാണ്. ജനങ്ങളും പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസമെന്നും മമത ചോദിച്ചു.
പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് പാര്‍ട്ടികള്‍ക്ക് ഈ സമയത്ത് കേന്ദ്രം ഇളവ് അനുവദിച്ചതില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടിയുടെ അണികള്‍ക്ക് രഹസ്യ സന്ദേശം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മമത ആവശ്യപ്പെട്ടു.
അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷം ലഭിച്ച ഫണ്ടിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ് നടത്തിയതും ആദായ നികുതിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിയതും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നു. 2.5 ലക്ഷം രൂപ വരെ നിക്ഷേപമുള്ള സാധാരണക്കാരെ കുറിച്ച് കേന്ദ്രം അന്വേഷണം നടത്തുകയാണ്. എന്നാല്‍ 2500 കോടി നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണ പരിധിക്ക് പുറത്താണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ഇരുവരുടേയും പ്രതിഷേധം രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെ വിശദീകരണവുമായി ധനകാര്യ മന്ത്രിതന്നെ രംഗത്തെത്തി. രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുവാദമുള്ളൂ എന്നാണ് അരുണ്‍ ജെയ്റ്റലി ഇന്നലെ വൈകുന്നേരത്തോടെ വ്യക്തമാക്കിയത്. മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങിയ സംഭാവനകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇലക്ഷന്‍ കമ്മിഷന് നല്‍കണമെന്നും ധനാകാര്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."