പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: കോണ്‍ഗ്രസ്സില്‍ മുറുമുറുപ്പ് മോദിക്കെതിരായ രാഹുലിന്റെ ആരോപണം: കോണ്‍ഗ്രസ് നേതൃത്വത്തിന് ആശയക്കുഴപ്പം
ന്യൂഡല്‍ഹി: നോട്ട് നിരോധനവിഷയത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസംവരെയുണ്ടായ ഐക്യത്തിനു പൊടുന്നനെ പോറലേല്‍പ്പിക്കുന്നതിലേക്കു നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് പാര്‍ട്ടിയില്‍ മുറുമുറപ്പ്.
മോദിയുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയയൊഴിച്ചുള്ള മുതിര്‍ന്ന നേതാക്കളും സംബന്ധിച്ചിരുന്നു. ലോക്‌സഭയിലെ കക്ഷിനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നുവെങ്കിലും കൂടിക്കാഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവരാരും തയാറായിട്ടില്ല.
നോട്ട് നിരോധനത്തിനെതിരേ കോണ്‍ഗ്രസ്സിന്റെ കൂടെ നിന്ന് പ്രതിഷേധപരിപാടികള്‍ക്കു മുന്നില്‍ നിന്ന പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് തങ്ങളുമായി ആലോചിക്കാതെ പ്രധാനമന്ത്രിയെ കണ്ട കോണ്‍ഗ്രസ്സിന്റെ നടപടിയില്‍ കടുത്ത നീരസമുണ്ട്. ഇക്കാരണത്താല്‍ ശീതകാലസമ്മേളനത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള മാര്‍ച്ചും തുടര്‍ന്നു രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയും ഒരുവിഭാഗം പ്രതിപക്ഷകക്ഷികള്‍ ബഹിഷ്‌കരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം മോദിയെ കാണുന്നുണ്ട് എന്നറിഞ്ഞ മറ്റുപ്രതിപക്ഷകക്ഷികള്‍, കൂടിക്കാഴ്ച നീട്ടിവയ്ക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ കണ്ടത്.
മോദിക്കെതിരേ രാഹുലും ചിദംബരവും അഴിമതിയാരോപണം ഉന്നയിക്കുകയും പരസ്യമായി വിമര്‍ശനമഴിച്ചുവിടുകയുംചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാവിലെ അസാധാരണമായി മോദിയെ കണ്ട കോണ്‍ഗ്രസ് നേതാക്കളുടെ നടപടി പ്രതിപക്ഷകക്ഷികളെ അമ്പരപ്പിച്ചിട്ടുണ്ട്.
അതേസമയം, നോട്ട്‌നിരോധനം വലിയ കുംഭകോണമാണെന്നും ഇക്കാര്യത്തില്‍ നരേന്ദ്രമോദിക്കെതിരേ തന്റെയടുക്കല്‍ തെളിവുണ്ടെന്നും അതു പുറത്തുവിടുമെന്നും പ്രഖ്യാപിച്ച രാഹുല്‍, ഇക്കാര്യം ഇതുവരെയും വെളിപ്പെടുത്താത്തതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. അഴിമതിയെകുറിച്ചും തെളിവ് സംബന്ധിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തന്റെ പദവി എന്താണെന്ന് അറിയാമെന്നും അതു അറിഞ്ഞുകൊണ്ടും വെളിപ്പെടുത്തലിന്റെ ഗൗരവം ഉള്‍ക്കൊണ്ടുമാണ് പറയുന്നതെന്നും ആമുഖമായി സൂചിപ്പിച്ചാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മോദിക്കെതിരേ രാഹുല്‍ അഴിമതിയാരോപണം ഉന്നയിച്ചത്. അതൊരു 'ഭൂകമ്പം' ആയതിനാല്‍ പാര്‍ലമെന്റിലേ വെളിപ്പെടുത്താന്‍ കഴിയൂവെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നടന്ന കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തിലും രാഹുല്‍ ഇതാവര്‍ത്തിച്ചു.
നാലുദിവസം കഴിഞ്ഞെങ്കിലും രാഹുല്‍ ആരോപണം സംബന്ധിച്ചു വിശദീകരിച്ചില്ല. സഭയില്‍ ആരോപണം ഉന്നയിക്കാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. സഭയില്‍ പറഞ്ഞിരുന്നുവെങ്കില്‍ അതു രേഖയിലും ഇടംപിടിക്കുമായിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ ഇക്കാര്യം പറയാന്‍ സ്പീക്കര്‍ക്ക് അദ്ദേഹം നോട്ടീസും നല്‍കിയിരുന്നില്ല.
ഒരുഘട്ടത്തില്‍ മോദിക്കെതിരായ അഴിമതിയാരോപണവും തെളിവുകള്‍ ഉണ്ടെന്നുള്ള വെല്ലുവിളിയും ബി.ജെ.പി ക്യാംപിനു പോലും ആശങ്കയുണ്ടായിരുന്നു. മോദിക്കെതിരായ തെളിവ് പുറത്തുവിടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാഹുലിനെ വെല്ലുവിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."