രാഹൂല്‍ ഗാന്ധി- മോദി കൂടിക്കാഴ്ച്ച രഹസ്യ ഉടമ്പടി ഉറപ്പിക്കലിനായിരുന്നുവെന്ന്
കോട്ടയം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ച രഹസ്യ ഉടമ്പടി ഉറപ്പിക്കലിനായിരുന്നുവെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഇംറാന്‍ ഹുസൈനും, ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സോമനാഥ് ഭാരതിയും ആരോപിച്ചു. കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.
ഇരുവര്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തേച്ചുമാച്ചുകളയുന്നതിനുളള കരാറായിരുന്നു അവിടെ രൂപപ്പെട്ടത്. മോദിക്കെതിരായ ആരോപണങ്ങള്‍ മൂടിവയ്ക്കുകയും പകരം അഗസ്റ്റ വെസ്റ്റ് ലാന്റ് ഇടപാടിലും സോണിയാ ഗാന്ധിയുടെ മരുമകന്‍ ഉള്‍പ്പെട്ട കേസും കുഴിച്ചുമൂടാനുമായിരുന്നു ഈ പരസ്പര ധാരണ.
മോദിയെ യുപിഎ ഭരണകാലത്ത് ഇങ്ങനെ പലതവണരക്ഷിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധിക്കാന്‍ പൊതുരാഷ്ട്രീയ വേദി രൂപം കൊള്ളാനുളള സാധ്യത വിരളമാണ്. ചുരുക്കം ചില കക്ഷികള്‍ക്കുമാത്രമെ ചങ്കൂറ്റത്തോടെ മുന്നോട്ടുവരാനാവൂ.
കള്ളപ്പണം ഇല്ലാതാക്കാന്‍ എന്ന് വിശേഷിപ്പിച്ച കറന്‍സി നിരോധനം ഇപ്പോള്‍ കറന്‍സി രഹിത രാജ്യം എന്നാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സ്വകാര്യ കുത്തകയുടെ പരസ്യ മോഡലായി എന്നതാണ് കറന്‍സി രഹിത ഇടപാട് എന്ന മുദ്രാവാക്യത്തിലൂടെ സാധിച്ചതെന്ന് ഇരുവരും ആരോപിച്ചു.പ്രധാനമന്ത്രി രാജ്യത്തെ രണ്ടു പ്രധാന കുത്തകകളുടെ പ്രചാരണത്തിന് കൂടപിടിക്കുകയാണ് ചെയ്തതത്. മോദിയുടെ ഈ അതിസാഹസത്തിനെതിരെ ഉയര്‍ന്ന ഏക ശബ്ദം അരവിന്ദ് കേജ് രിവാളിന്റെതുമാത്രമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാര്‍ക്കും മോദിക്കെതിരെ ശബ്ദിക്കാനാവില്ല. ആദിത്യ ബിര്‍ളയിലെ റെയ്ഡുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിക്കെതിരെ ഉയര്‍ന്നുവെങ്കിലും യുപിഎ ചെറുവിരല്‍ പോലും അനക്കിയില്ല. ഇത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള ധാരണയാണ് വെളിച്ചുവരുത്തുന്നത്.
കറന്‍സി നിരോധനം പിന്‍വലിച്ചു രാജ്യത്തെ രക്ഷിക്കണം.നോട്ടു നിരോധനത്തിന്റെ കെടുതികളില്‍ 50 ലധികം പേര്‍ മരിച്ച ഈ സംഭവത്തില്‍ പ്രധാനമന്ത്രി വ്യക്തിപരമായി കുറ്റക്കാരനാണ്, വിജയ് മല്്യ ഉള്‍പ്പടെയുളള വന്‍കിടക്കാരുടെ 20000 കോടിയുടെ കടമാണ് ഇതിന്റെ മറവില്‍ എഴുതിതള്ളിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനം ജനങ്ങളുമായുളള ഉടമ്പടിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ഏക പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."