ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രതിഷേധം; കരുണാനിധിയെ കാണാനാകാതെ വൈകോ മടങ്ങി
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന കരുണാനിധിയെ കാണുന്നതിനായി ചെന്നൈ കാവേരി ആശുപത്രിയിലെത്തിയ എം.ഡി.എം.കെ നേതാവ് വൈക്കോയെ ഡി.എം.കെ പ്രവര്‍ത്തകര്‍ തടഞ്ഞു. അദ്ദേഹത്തിനുനേരെ പ്രകോപിതരായ ജനങ്ങള്‍ കല്ലേറ് നടത്തുകയും ചെയ്തു.
കരുണാനിധിയെ കാണുന്നതിനായി ആശുപത്രിയിലെത്തിയ വൈകോയെ പ്രവര്‍ത്തകര്‍ തടഞ്ഞു. തങ്ങളുടെ നേതാവിനെ കാണാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. കല്ലും ചെരുപ്പും എറിഞ്ഞും വൈകോയോടുള്ള പ്രതിഷേധം ഡി.എം.കെ പ്രവര്‍ത്തകര്‍ ശക്തമാക്കി. ഇതോടെ കരുണാനിധിയെ കാണാനാകാതെ അദ്ദേഹത്തിന് തിരിച്ചുപോകേണ്ടി വന്നു.
പിന്നീട് എം.ഡി.എം.കെ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ച് മകള്‍ കനിമൊഴിയുമായി താന്‍ സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കാന്‍ വൈകോ തയാറായില്ല.
ഡി.എം.കെ പ്രവര്‍ത്തകനായിരുന്ന വൈകോയെ 1990ലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എല്‍.ടി.ടി.ഇ തീവ്രവാദികളെ ഉപയോഗിച്ച് കരുണാനിധിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്നാരോപിച്ചായിരുന്നു വൈകോയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്കാന് അദ്ദേഹം തയാറായതുമില്ല. തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയുണ്ടാക്കി അദ്ദേഹം തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇടംകണ്ടെത്തുകയായിരുന്നു. പഴയ എതിര്‍പ്പ് ഇപ്പോഴും ഡി.എം.കെ പ്രവര്‍ത്തകരുടെ മനസില്‍ നിലനില്ക്കുന്നുവെന്നതാണ് അദ്ദേഹത്തെ ആശുപത്രിയില്‍ തടയാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."