നഴ്‌സുമാരുടെ ഒഴിവുകള്‍ നാലായിരത്തിലധികം; റാങ്ക് ലിസ്റ്റ് കാലാവധി ഈ മാസം തീരും
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു. ആരോഗ്യ വകുപ്പില്‍ അപ്രഖ്യാപിത നിയമന നിരോധനം മൂലം വലയുന്നത് ചികിത്സ തേടിയെത്തുന്ന രോഗികളും റാങ്കുലിസ്റ്റില്‍ പേര് വന്ന ഉദ്യോഗാര്‍ഥികളും. നഴ്‌സുമാരില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ വലയുമ്പോഴും, സ്റ്റാഫ് നഴ്‌സ് റാങ്ക് പട്ടികയില്‍ ഇടം കിട്ടിയവര്‍ പെരുവഴിയിലാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍. നഴ്‌സുമാരുടെ ഏതാണ്ട് നാലായിരത്തോളം ഒഴിവുകളാണുള്ളത്. എന്നാല്‍ ഇത് ആരോഗ്യ വകുപ്പ് യഥാസമയം പി.എസ്.സിയെ അറിയിച്ചിരുന്നില്ല. പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ് കാലവധി ഈ മാസം മുപ്പതിന് തീരും. റാങ്ക് ലിസ്റ്റില്‍ പേരുള്ള എണ്ണായിരത്തോളം പേരാണ് തൊഴില്‍ കാത്തിരിക്കുന്നത്. ഇതില്‍ പലരുടെയും സര്‍ക്കാര്‍ ജോലി എന്ന സ്വപ്നവും ഈ റാങ്ക് ലിസ്റ്റിനൊപ്പം അസ്തമിക്കും.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആദ്യ ദിവസം തന്നെ ആരോഗ്യ വകുപ്പിലെ എല്ലാ തസ്തികകളിലും നിയമനം നടത്തുമെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ആരോഗ്യ വകുപ്പിന്റെ ഒളിച്ചുകളി തുടരുന്നു. 2011ല്‍ പി.എസ്.സി പരീക്ഷയെഴുതി മികച്ച വിജയം നേടിയവരാണ് ജോലി കിട്ടാതെ ദുരിതം അനുഭവിക്കുന്നത്. 14 ജില്ലകളിലായി എണ്ണായിരം ഉദ്യോഗാര്‍ഥികളാണ് ഈ 31ന് കാലാവധിതീരുന്ന റാങ്ക് പട്ടികയിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ 200 രോഗികള്‍ക്ക് ഒരു നഴ്‌സാണുള്ളത്. നാല് രോഗികള്‍ക്ക് ഒരു നഴ്‌സ് വേണമെന്നാണ് സര്‍ക്കാര്‍ ചട്ടം.
2011 ല്‍ നടന്ന സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയുടെ ലിസ്റ്റ് 2013 ല്‍ ആണ് നിലവില്‍ വന്നത്. പോസ്റ്റുകള്‍ സൃഷ്ടിക്കുക, ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുക ഇവയിലെല്ലാം ആരോഗ്യവകുപ്പ് മെല്ലെപ്പോക്ക് നയം സ്വീകരിച്ചതോടെ ജോലികിട്ടുമെന്ന് കരുതി കാത്തിരുന്നവര്‍ നിരാശരായി. മറ്റു മാര്‍ഗമില്ലാതെ ഉയര്‍ന്ന റാങ്കിലുള്ളവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്. അതേ സമയം, ഒഴിവുകള്‍ യഥാസമയം പി.എസ്.സിയെ അറിയിക്കാതെ ആരോഗ്യ വകുപ്പ് വേണ്ട യോഗ്യതയില്ലാത്ത നഴ്‌സുമാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുകയാണെന്നും ആരോപണം ഉണ്ട്. വന്‍തുക വിദ്യാഭ്യാസ വായ്പ എടുത്ത് പഠനം നടത്തി ലിസ്റ്റില്‍ ഇടം പിടിച്ച പലരുടേയും സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവും ലിസ്റ്റിന്റെ കാലാവധി കഴിയുന്നതോടെ അസ്തമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."