പിടിച്ചു നില്‍ക്കാനാകാതെ മണ്‍പാത്ര വ്യവസായമേഖല
കക്കട്ടില്‍: പ്രതിസന്ധിയെ അതിജീവിക്കാനാവാതെ, മണ്‍പാത്ര വ്യവസായ മേഖല ഇരുട്ടില്‍ തപ്പുന്നു. നോട്ട് പ്രതിസന്ധിയും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും സര്‍ക്കാര്‍ ഭാഗത്തു നിന്നു വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പേരില്‍ പരിസരവാസികള്‍ എതിര്‍പ്പുമായി വന്നത് കാരണം കളിമണ്ണ് ഖനനം നടക്കാത്തതു ഈ മേഖലയെ പിടിച്ചുലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട്, വയനാട് ജില്ലകളിലെ സ്ഥലങ്ങളില്‍ നിന്ന് മണ്ണെടുക്കാന്‍ സൗകര്യമൊരുക്കിയാല്‍ മണ്ണിന്റെ ക്ഷാമം പരിഹരിക്കാനാവുമെന്ന് ഇവര്‍ പറയുന്നു.
മറ്റൊരു പ്രധാന അസംസ്‌കൃത വസ്തുവായ മണല്‍ ക്ഷാമവും പ്രശ്‌നമാണ്. മണലില്‍ മട്ടി മണല്‍ ചേര്‍ക്കുന്നതു ഗുണം കുറയാന്‍ കാരണമാവുമെന്നതാണ് പ്രശ്‌നം. സംസ്ഥാന സര്‍ക്കാര്‍ മണ്‍പാത്ര വ്യവസായങ്ങള്‍ക്ക് ആവശ്യമായ മണല്‍ഖനനം ചെയ്യാന്‍ അനുവാദം നല്‍കാ ന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പുഴമണല്‍ ലഭ്യമല്ല.
സാമൂഹ്യമായും, സാമ്പത്തികമായും, വിദ്യാഭ്യാസ പരമായും പിന്നോക്കം നില്‍ക്കുകയാണെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്‍പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ട കുംഭാര സമുദായത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന നീണ്ട കാലത്തെ ഇവരുടെ ആവശ്യവും അംഗീകരിച്ചിട്ടില്ലന്ന ആക്ഷേപമുണ്ട്. പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നു വരാത്തതും വ്യവസായം അന്യം നിന്നുപോകാന്‍ കാരണമായിട്ടുണ്ട് . കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്ട്, വയനാട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി , പത്തനംതിട്ട ജില്ലകളിലായി രണ്ട് ലക്ഷത്തോളം ആളുകള്‍ ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മൊകേരി, ഒളവണ്ണ ചാത്തമംഗലം, രാമാനാട്ടുകര, ഓര്‍ക്കാട്ടേരി, ഉള്ള്യേരി, കക്കട്ടില്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും മണ്‍പാത്ര തൊഴിലാളികളുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."