കോളിഫോം ബാക്ടീരിയ: കുറ്റിക്കാട്ടൂരും പരിസരവും പകര്‍ച്ചവ്യാധി ഭീഷണിയില്‍
കുറ്റിക്കാട്ടൂര്‍: തോട്ടിലെ മാലിന്യത്തെ തുടര്‍ന്ന് കുറ്റിക്കാട്ടൂര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മാവൂര്‍-കോഴിക്കോട് റോഡിനു സമാന്തരമായി കുറ്റിക്കാട്ടൂര്‍ ടൗണിനു സമീപത്തുകൂടെയുള്ള വലിയതോട്ടിലാണു മനുഷ്യവിസര്‍ജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
കുറ്റിക്കാട്ടൂര്‍, ആനക്കുഴിക്കര ഭാഗങ്ങളില്‍ മിക്കകെട്ടിടങ്ങളുടെയും മാലിന്യക്കുഴലുകള്‍ തോട്ടിലേക്കാണു തുറന്നിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടറും മെഡിക്കല്‍ കോളജ് പൊലിസും സ്ഥലത്തെത്തി തോട്ടിലെ വെള്ളം പരിശോധനക്കയച്ചിരുന്നു. മാലിന്യം ഒഴുക്കിയവര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ തോട്ടിലുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിന് അധികൃതര്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല.
കുറ്റിക്കാട്ടൂരിലെ മാലിന്യങ്ങള്‍ മാമ്പുഴയുടെ ഒളവണ്ണ, പെരുമണ്ണ ഭാഗങ്ങളിലേക്ക് ഒലിച്ചെത്തുന്നുണ്ട്. പെരുവയല്‍ പഞ്ചായത്തിലെ പേര്യ, കീഴ്മാട് പ്രദേശങ്ങളിലും പെരുമണ്ണ പഞ്ചായത്തിലെ കണ്ണംചിഹ്നംകടവ്, അത്തൂളിത്താഴം ഭാഗങ്ങളിലും, ഒളവണ്ണ പഞ്ചായത്തിലെ പുഴമ്പ്രം പാലം മുതല്‍ കുന്നത്തുപാലം വരെയും അടുത്ത ദിവസങ്ങളില്‍ എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരണപ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുറ്റിക്കാട്ടൂരിലെ വലിയ തോട് ശുചീകരിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.
കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലുള്ളതിനാല്‍ സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."