വയനാടിന്റെ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന: കെ.കെ ഷൈലജ
സുല്‍ത്താന്‍ബത്തേരി: വയനാടിന്റെ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ജില്ലാ ആശുപത്രിയെ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറ്റിയെടുക്കും. ബത്തേരി താലൂക്ക് ആശുപത്രിക്ക് ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഒരു വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കുന്നതിന് പരിശ്രമിക്കും.
ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച വൈറോളജി ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 42 ഡയാലിസ് യൂനിറ്റുകളാണ് തുടങ്ങുന്നത്. ഇതിനാവശ്യമായ തുക ലഭ്യമായിട്ടുണ്ട്. ഇതോടൊപ്പം ആര്‍ദ്രം മിഷന് പദ്ധതിയുടെ ഭാഗമായി നാലു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദ ആശുപത്രികളാക്കി മാറ്റും. ജില്ലാ ആശുപത്രികളിലും ഏഴ് മെഡിക്കല്‍ കോളജിലുമാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. ആശുപത്രികളിലെ തിരക്കൊഴിവാക്കുന്നതിനായി ഒ.പി ബ്ലോക്ക് ഇലക്ട്രോണിക് വല്കരിക്കും. രോഗികള്‍ക്ക് വിശ്രമിക്കുന്നതിനും, കുടിവെള്ളത്തിനുമൊക്കെ സൗകര്യമൊരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ഹെഡ് ഡോ. ജി അരുണ്‍കുമാര്‍, ഡി.എം.ഒ ഡോ. വി ജിതേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, നഗരസഭാ ചെയര്മാന് സി.കെ സഹദേവന്, ആശുപത്രി സൂപ്രണ്ട് ഡോ. വി.വി സുരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."