പുലിശല്യം: വനാതിര്‍ത്തി ഗ്രാമവാസികള്‍ ഭീതിയില്‍
പനമരം: നെയ്ക്കുപ്പയ്ക്ക് സമീപം ആടിനെ പുലി പിടിച്ച സംഭവം വനാതിര്‍ത്തി ഗ്രാമവാസികളെ ഭീതിയിലാക്കി. ബുധനാഴ്ച പകല്‍ നെയ്ക്കുപ്പയില്‍ കാരിക്കാട്ടുകുഴിയില്‍ സെബാസ്റ്റ്യന്റെ കൃഷിയിടത്തില്‍ ഇറങ്ങി ഒരാടിനെ കൊല്ലുകയും മറ്റൊന്നിനെ പരുക്കേല്‍പ്പിക്കുകയും ചെയ്ത പുലിയുടെ ആക്രമണം ഇനിയും ഉണ്ടാകുമെന്ന ഭയത്തിലാണ് പൂതാടി പഞ്ചായത്തില്‍പ്പെടുന്ന നെയ്ക്കുപ്പയ്ക്കു പുറമേ പുല്‍പ്പള്ളി പഞ്ചായത്തിലെ വേലിയമ്പം, മൂഴിമല, കാപ്പിക്കുന്ന്, മുണ്ടക്കുറ്റിക്കുന്ന്, കൊളറാട്ടുകുന്ന്, ചെഞ്ചടി പ്രദേശവാസികളും. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയ്ഞ്ചില്‍ നെയ്ക്കുപ്പ സെക്ഷനിലാണ് ഈ പ്രദേശങ്ങള്‍. കാട്ടാനശല്യം രൂക്ഷമാണ് നെയ്ക്കുപ്പ വനം സെക്ഷനോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍. പകല്‍പോലും കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ കൊടിയനാശമാണ് വരുത്തുന്നത്. ഇതിനിടെയാണ് പുലിശല്യം. കൂടുവച്ച് പുലിയെ പിടികൂടണമെന്ന ആവശ്യവുമായി ഗ്രാമീണര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. നെയ്ക്കുപ്പയില്‍ ആടിനെ കൊന്നത് കടുവയാണെന്ന നിഗമനത്തിലായിരുന്നു നെയ്ക്കുപ്പ നിവാസികള്‍. എന്നാല്‍ നാട്ടിലിറങ്ങിയത് പുലിയാണെന്ന് കാല്‍പ്പാടുകളും മറ്റും പരിശോധിച്ച് സ്ഥിരീകരിച്ചതായി ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."