അരൂര്‍ കെല്‍ട്രോണ്‍-കുമ്പളങ്ങി ഫെറി പാലത്തിന് ഭരണാനുമതിയായി
തുറവൂര്‍: അരൂര്‍ കെല്‍ട്രോണ്‍-കുമ്പളങ്ങി ഫെറി പാലം നിര്‍മാണത്തിനു ഭരണാനുമതിയായയതായി എം.എല്‍.എമാര്‍. ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
അരൂര്‍, കൊച്ചി എം.എല്‍.എമാരായ എ.എം ആരിഫ്, കെ.ജെ മാക്‌സി എന്നിവരാണ് ഈക്കാര്യം അറിയിച്ചത്. പാലം നിര്‍മാണത്തിനു മുപ്പതു കോടി രൂപയും അപ്രോച്ച് റോഡിനും റോഡ് വികസനത്തിനുമായി പത്തു കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
വിശദമായ ഡി.പി.ആര്‍ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ച് സാങ്കേതികാനുമതി നേടിയാലുടന്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ വരച്ച് ആലപ്പുഴ, എറണാകുളം ജില്ലാ കലക്ടറന്മാരുടെ നേതൃത്വത്തില്‍ വിശദമായ അലൈമെന്റ് തയാറാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പാലം പണി പൂര്‍ണമായാല്‍ കുമ്പളങ്ങി, ചെല്ലാനം കടലോര മേഖലയില്‍ നിന്നു ദേശീയപാതയിലേക്കുള്ള തീരദേശ റൂട്ട് യാഥാര്‍ഥ്യമാകും.
നിലവില്‍ ബോട്ട് ഘടിപ്പിച്ച ചങ്ങാടമാണ് ഫെറിയില്‍ സര്‍വിസ് നടത്തുന്നത്. പാലത്തിനു വേണ്ടി ഇരു കരകളിലെയും ജനങ്ങള്‍ നിരവധി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."