വനപാതയിലെ ഓക്‌സിജന്‍ പാര്‍ലര്‍ കേന്ദ്രത്തില്‍ ചികിത്സ തേടിയത് 1430 ഹൃദ്രോഗികള്‍
എരുമേലി: ശബരിമല വനപാതയിലെ ഓക്‌സിജന്‍ പാര്‍ലര്‍ കേന്ദ്രത്തില്‍ ഈ സീസണില്‍ ചികിത്സ തേടിയത് 1430 ഹൃദ്രോഗികള്‍. മൂന്ന് പാര്‍ലറുകളിലായാണ് ഇത്രയും രോഗികള്‍ ചികിത്സ തേടിയത്. തീര്‍ഥാടന കാലമാരംഭിച്ച ശേഷം അയ്യപ്പഭക്തരായ 1254 പുരുഷന്മാരും 130 സ്ത്രീകളും 16 കുട്ടികളും ചികില്‍സ നേടി. 324 പേര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിച്ച് ചികില്‍സ നല്‍കി. എട്ടു പേരെ ആംബുലന്‍സില്‍ എരുമേലിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വിദഗ്ധ ചികില്‍സ നല്‍കി.
മുന്‍ വര്‍ഷം യു.വി ജോസ് ജില്ലാ കലക്ടറായിരിക്കെ ആരംഭിച്ചതാണ് ഈ പദ്ധതി. വനപാതയില്‍ നിരവധി ഭക്തര്‍ക്ക് അവശത അുഭവപ്പെടാറുണ്ട്. ചിലര്‍ മരണപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലായിരുന്നു ഓക്‌സിജന്‍ പാര്‍ലര്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
ഇതോടെ വനപാതയിലെ മരണസഖ്യ പൂജ്യമായി കുറഞ്ഞു.ഇത്തവണ ഹൃദയാഘാത മരണങ്ങളില്ലാതായതിന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തില്‍ ജീവനക്കാരെ വകുപ്പ് മന്ത്രി അകമഴിഞ്ഞ് അഭിനന്ദിച്ചിരുന്നു. എന്നാല്‍ നിരവധി ജീവനുകള്‍ക്ക് രക്ഷയായിട്ടും പാര്‍ലറുകളുടെ പ്രവര്‍ത്തനത്തിന് കലക്ടറേറ്റില്‍ നിന്നും ഇത്തവണ ഫണ്ടനുവദിച്ചിട്ടില്ല. എരുമേലിയിലെ
ഇരുമ്പൂന്നിക്കരയില്‍ തുടങ്ങുന്ന ശബരിമല കാനന പരമ്പരാഗത പാതയിലാണ് ഹൃദയാഘാതമരണങ്ങള്‍ക്ക് വിരാമമായത്. 2014 ല്‍ തീര്‍ത്ഥാടനകാലത്ത് 16 പേര്‍ ഹൃദയാഘാതത്താല്‍ മരിച്ചപ്പോള്‍ പാര്‍ലറുകള്‍ ആരംഭിച്ച കഴിഞ്ഞ സീസണില്‍ മരണങ്ങളൊന്നുമുണ്ടായില്ല.
കോയിക്കകാവ്, മമ്പാടി, അഴുതക്കടവ് എന്നിവിടങ്ങളിലാണ് പാര്‍ലറുകള്‍. കാട്ടാന സാന്നിധ്യമുളള മമ്പാടിയില്‍ പ്രാണഭീതിയോടെയാണ് ജീവനക്കാര്‍ സേവനം ചെയ്യുന്നത്.കുടിവെളളവും ഭക്ഷണവും പുറത്തു നിന്നും ഇവിടെ എത്തിക്കണം. വൈദ്യുതിയുമില്ലത്തിനാല്‍ ജനറേറ്ററാണ് ആശ്രയം.
ഓരോ കൗണ്ടറിലും ആരോഗ്യ വകുപ്പിലെ രണ്ട് ജീവനക്കാര്‍ വീതം രാത്രിയും പകലും ഷിഫ്റ്റുകളായി ജോലിക്കുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജേക്കബ് വര്‍ഗീസ്, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരായ വിദ്യ, രാജന്‍, മാസ് മീഡിയ ഓഫിസര്‍ ദേവ്, അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ജാമോ, തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. പാര്‍ലറുകള്‍ മികച്ച സേവനമാണ് നല്‍കുന്നതെന്ന് സംഘം പറഞ്ഞു. പാര്‍ലറുകള്‍ ആരംഭിച്ചത് കലക്ടറുടെ ഫണ്ടില്‍ നിന്നായതിനാല്‍ ഇത്തവണയും ജില്ലാ ഭരണകൂടം ഫണ്ടനുവദിക്കുമെന്നാണ് പ്രതീക്ഷ.
ഏഴ് ലക്ഷത്തോളംരൂപയാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും മാക്‌സുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി വേണ്ടത്. ഇപ്പോള്‍ ജീവനക്കാര്‍ സ്വയം പണം ചെലവിട്ടാണ് പ്രവര്‍ത്തനചെലവുകള്‍ നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."