നോട്ട് പ്രതിസന്ധി: ക്രിസ്മസ് വിപണിയും തളര്‍ച്ചയില്‍
തൊടുപുഴ: നോട്ട് പിന്‍വലിക്കലിനേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ക്രിസ്മസ് വിപണിയും തളര്‍ച്ചയില്‍. ഗ്രീറ്റിങ് കാര്‍ഡുകള്‍, നക്ഷത്രങ്ങള്‍ എന്നിവ വന്‍തോതില്‍ വില്‍പന നടക്കുന്ന കാലമായിട്ടും വിപണിയില്‍ ഒരു ഉണര്‍വുമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പേപ്പര്‍, കാര്‍ഡ് ബോര്‍ഡ് എന്നിവയില്‍ നിര്‍മിച്ച വിവിധ വര്‍ണങ്ങളിലുള്ളതും അല്ലാത്തതുമായ നക്ഷത്രങ്ങള്‍ക്കായിരുന്നു പ്രിയം. എന്നാലിക്കുറി പ്‌ളാസ്റ്റിക്, എല്‍.ഇ.ഡി, സി.എഫ്.എല്‍ നക്ഷത്രങ്ങളാണ് വിപണിയില്‍ ഏറെയും. പേപ്പര്‍ നക്ഷത്രങ്ങള്‍ 65 രൂപ മുതലുള്ളവയുണ്ട്. കാലുകളുടെ എണ്ണം വര്‍ധിക്കുന്നതിനുസരിച്ച് ഗുണമേന്മ അനുസരിച്ചും 150, 200, 350 രൂപ വരെ വിലയുള്ളവയുണ്ട്. ഊര്‍ജ ഉപഭോഗം കുറഞ്ഞ എല്‍.ഇ.ഡി ബള്‍ബുകള്‍ ഘടിപ്പിച്ച നക്ഷത്രങ്ങളും പലവിധ ആകൃതിയിലും നിറത്തിലുമുള്ളവയും കടകളില്‍ എത്തിയിട്ടുണ്ട്. ഗ്രീറ്റിങ് കാര്‍ഡുകളുടെ വിപണി ഇനിയും ഉണര്‍ന്നിട്ടില്ല. ഇതര വ്യാപാര രംഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
മണ്ഡലകാലത്ത് സാധരണ പച്ചക്കറികള്‍ക്ക് വില ഉയരുമെങ്കിലും ഇക്കുറി നോട്ട് പ്രതിസന്ധിമൂലം വില കുറയുകയായിരുന്നു. സവാള, തക്കാളി, പച്ചമുളക്, വെണ്ടയ്ക്ക, പാവയ്ക്ക എന്നിവയൊക്കെ വില ഇടിഞ്ഞു. എന്നാല്‍ പഴം, ആപ്പിള്‍, ഓറഞ്ച് എന്നിവയുടെ വില സാധാരണപോലെ തന്നെയാണ്. പലചരക്കു കടകള്‍, ടെക്‌സ്‌റ്റൈല്‍സുകള്‍, ഹോം അപ്‌ളയന്‍സ് സ്ഥാപനങ്ങള്‍, സ്വര്‍ണക്കടകള്‍ എന്നിവിടങ്ങളിലും ആള്‍ത്തിരക്കൊന്നുമില്ല. പക്ഷേ, നാട്ടിന്‍പുറങ്ങളിലെ പലചരക്കു കടകളില്‍ സാധാരണ കളക്ഷന്‍ ഇപ്പോഴുമുണ്ട്. വന്‍കിട സ്ഥാപനങ്ങളുടെ ദൈനംദിന വില്‍പന കുത്തനെ ഇടിഞ്ഞു.
പ്രതിസന്ധിക്കിടയിലും ക്രിസ്മസിനെ വരവേല്‍ക്കാന്‍ രുചിയുടെ വൈവിധ്യങ്ങളുമായി കേക്ക് വിപണിയും ഒരുങ്ങി. പ്ലം കേക്കുകള്‍ മുതല്‍ വിവിധ രൂപത്തിലും നിറങ്ങളിലുമുള്ള ഐസിങ് കേക്കുകള്‍ വരെ ക്രിസ്മസ്-പുതുവല്‍സര ആഘോഷങ്ങള്‍ക്കു മാധുര്യമേകാന്‍ ബേക്കറികളില്‍ നിറഞ്ഞു കഴിഞ്ഞു. വില 110 ല്‍ തുടങ്ങും. 1,600 രൂപ വരെയുള്ള കേക്കുകള്‍ വിപണിയിലുണ്ട്. വന്‍കിട ബേക്കറികളെല്ലാം ക്രിസ്മസ് കേക്കുകളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി. കേക്കില്‍ സര്‍വകാല പ്രതാപിയായി പ്ലം കേക്കുകള്‍ നിറഞ്ഞുനില്‍പുണ്ട്. റിച്ച് പ്ലം കേക്ക്, സെലിബ്രേഷന്‍ പ്ലം കേക്ക് തുടങ്ങി വ്യത്യസ്ത തരം കേക്കുകള്‍ ബേക്കറികളില്‍ ലഭ്യമാണ്. ഫ്രെഷ് ക്രീം കേക്കുകളാണ് വിപണിയിലെ മറ്റൊരു താരം. പല പ്രമുഖ ബേക്കറികളും ക്രിസ്മസ് ലക്ഷ്യമിട്ട് സ്വന്തമായി കേക്ക് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പ്രമേഹരോഗികളുടെ എണ്ണം കണക്കിലെടുത്തു ചില ബേക്കറികള്‍ ഷുഗര്‍ ഫ്രീ കേക്കുകളും തയാറാക്കുന്നുണ്ട്. എല്ലാക്കാലത്തും കേക്കിന് ആവശ്യക്കാര്‍ ഉണ്ടെങ്കിലും ഡിസംബര്‍ 20 മുതല്‍ ന്യൂ ഇയര്‍ വരെയുള്ള സമയത്താണ് കേക്കിനു കൂടുതല്‍ വില്‍പനയെന്നു ബേക്കറിയുടമകള്‍ പറയുന്നു. ക്രിസ്മസ് അടുത്തെത്തുന്നതോടെ ബേക്കറികള്‍ക്കു പുറമെ പലയിടങ്ങളിലും കേക്കിനു മാത്രമായി പ്രത്യേക വില്‍പനശാലകളും പ്രവര്‍ത്തനമാരംഭിക്കാറുണ്ട്. 'കേക്ക്' ഇല്ലാതെ ഒരു ക്രിസ്മസ് ആഘോഷം സങ്കല്‍പത്തിനും അപ്പുറമാണെന്നതിനാല്‍ വരും ദിവസങ്ങളില്‍ കേക്ക് വില്‍പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് ബേക്കറിയുടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."