സ്ത്രീ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് പ്രവാചക കല്‍പ്പന: ടി.എ അഹമദ് കബീര്‍
കളമശ്ശേരി: പ്രവാചകന്‍ തന്റെ മരണ സമയത്ത് നല്‍കിയ വസിയത്തില്‍ സ്ത്രീ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന കാര്യം നാം പ്രാധാന്യത്തോടെ കാണണമെന്ന് ടി.എ അഹമദ് കബീര്‍ എം.എല്‍.എ പറഞ്ഞു.
ഞാലകം ജമാഅത്ത് സംഘടിപ്പിച്ച മീലാദ് മീറ്റില്‍ സമ്മാനദാനം നിര്‍വഹിക്കുകയായിരുന്നു അഹമദ് കബീര്‍. നിസ്‌കാരം കൃത്യമായി നിര്‍വഹിക്കണം എന്നു പറഞ്ഞ റസൂല്‍ ഒപ്പം പറഞ്ഞ കാര്യം സ്ത്രീ സംരക്ഷണമാണ്. പുരുഷനും സ്ത്രീക്കും തുല്യസ്ഥാനം കല്‍പിച്ച മതമാണ് ഇസ്‌ലാം. സന്തോഷകരമായ കുടുംബാന്തരീക്ഷം ഉറപ്പുവരുത്താനും സ്ത്രീകള്‍ക്ക് ദുഖകരമായ സാഹചര്യമുണ്ടാകാതിരിക്കാനും മഹല്ലുകസില്‍ പ്രത്യേകശ്രദ്ധ വേണമെന്നും അഹമദ് കബീര്‍ പറഞ്ഞു. വിശ്വോത്തര മാനവികതയുടെ മുഖമുദ്രയായ ഖുര്‍ആന്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും നാം തയ്യാറാകണമെന്നും അഹമദ് കബീര്‍ പറഞ്ഞു.
സമകാലിക മുസ്‌ലിം സമുദായം മാനവികവും സൗഹാര്‍ദപരവുമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും വളര്‍ന്നു വരുന്ന ധാര്‍മിക അവബോധമുള്ളവരായിരിക്കണമെന്നും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. മിലാദ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ് വൈ. സഫീറുള്ള. ജമാഅത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.കബീര്‍ അധ്യക്ഷനായി. ഞാലകം ജമാഅത്തിന്റെ കീഴിലുള്ള ഒമ്പത് മദ്രസകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ നടത്തി. അല്‍ ഹിദായ ഇസ്‌ലാമിക് അക്കാഡമി വിദ്യാര്‍ഥികളുടെ കലാ സാഹിത്യ പരിപാടികളും നടന്നു. ഞാലകം ജമാഅത്ത് ഖത്തീബ് പി.കെ സുലൈമാന്‍ മൗലവി, ജമാഅത്ത് സെക്രട്ടറി ഹമീദ് മണ്ണോപ്പിള്ളി, കണ്‍വീനര്‍ മാഹിന്‍ കുമ്മഞ്ചേരി, അന്‍വര്‍ പുഴക്കര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."