കലാമിന്റെ ഇഷ്ടചിത്രകാരന്‍ ഓര്‍മയായി
കൊപ്പം: മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ ഇഷ്ടചിത്രകാരന്‍ ഹുസൈന്‍ ഓര്‍മയാകുന്നു. ദോഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൈപ്പുറം പാട്ടാരത്തില്‍ ഹുസൈന്‍ ഇന്നലെ രാവിലെ നിര്യാതനായി.
തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ ജീവനക്കാരനായിരിക്കെയാണ് കലാമുമായി ഹുസൈന്‍ സൗഹൃദം സ്ഥാപിക്കുന്നത്. അവിടെനിന്നും സീനിയര്‍ ടെക്‌നീഷ്യനായാണ് ഹുസൈന്‍ വിരമിച്ചത്. തുമ്പയില്‍ വിക്ഷേപണത്തിന് തയ്യാറാകുന്ന റോക്കറ്റുകളുടെയെല്ലാം മേക്കപ്പ്മാന്‍ ഹുസൈനായിരുന്നു. റോക്കറ്റുകളില്‍ പെയിന്റ് ചെയ്യുന്നതും പേരെഴുതുന്നതും ദേശീയ പതാകയും ചിത്രങ്ങളും വരക്കുന്നതുമെല്ലാം ഹുസൈന്റെ നേതൃത്വത്തിലായിരുന്നു. രോഹിണി 125 വിക്ഷേപണത്തിന് തയ്യാറാക്കിയപ്പോള്‍ സമാധാനചിഹ്നമായി പറക്കുന്ന പ്രാവുകളുടെ ചിത്രം വരച്ചു ഹുസൈന്‍. ഇത് കണ്ട കലാം ഹുസൈനെ തോളില്‍ തട്ടി അഭിനന്ദിക്കുകയുണ്ടായി. അന്ന് തുടങ്ങിയ ബന്ധം വര്‍ഷങ്ങളോളം ഇരുവരും കാത്തു. രോഹിണി 200ന്റെയം 300ന്റെയും 500ന്റെയും ഭംഗി കൂട്ടിയും കൈപ്പുറത്തുകാരുടെ ഹുസൈന്‍ക്കയായിരുന്നു.
റോക്കറ്റുകളുടെ മിനുക്ക് പണികള്‍ പൂര്‍ത്തിയായാല്‍ അബ്ദുല്‍കലാമും സഹപ്രവര്‍ത്തകരും എത്തും. ഈ സമയം കലാം ഏറെ നേരം സംസാരിക്കും. അഭിപ്രായങ്ങള്‍ പറയും. അഭിനന്ദിക്കും. ചിലപ്പോള്‍ ചായ സല്‍ക്കാരവും നടത്തും. കലാമിനോട് വല്ലാത്തൊരു ആദരവായിരുന്നു ഹുസൈന്. കലാമിന്റെ ചിത്രം വരച്ച് വീട്ടില്‍ സൂക്ഷിച്ചിരുന്നു.
34വര്‍ഷം റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ ജോലി ചെയ്തിട്ടുണ്ട്. 2007ലാണ് വിരമിച്ചത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ. സമദ് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഗ്രാമോത്സവത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
ഇന്നലെ ഉച്ചയോടെയാണ് മയ്യിത്ത് വീട്ടിലെത്തിച്ചത്. സാമൂഹ്യരാഷ്ട്രീയ മേഖലയിലെ നിരവധിപേര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്ന് രാവിലെ എട്ടിന് കൈപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."