റാന്നിയില്‍ ലോട്ടറി വില്‍പ്പനക്കാരന് ലഭിച്ച പുതിയ രണ്ടായിരം രൂപയുടെ കറന്‍സി വ്യാജനെന്നു സംശയം
പത്തനംതിട്ട: റാന്നിയില്‍ ലോട്ടറി വില്‍പ്പനക്കാരന് ലഭിച്ചത് പുതിയ രണ്ടായിരം രൂപയുടെ വ്യാജ കറന്‍സിയെന്ന് സംശയം. ലോട്ടറി ചില്ലറ വില്‍പ്പനക്കാരനായ നാഗര്‍കോവില്‍ സ്വദേശി 78 കാരനായ ലാസര്‍ എന്നയാള്‍ക്കാണ് 2000 രൂപയുടെ വ്യാജ കറന്‍സി ലഭിച്ചത്. ഇന്നലെ ഉച്ചയോടെ സ്വകാര്യബസില്‍ വച്ച് വിറ്റ ടിക്കറ്റിനാണ് വ്യാജ കറന്‍സി ലഭിച്ചത്.
വടശേരിക്കര-റാന്നി റൂട്ടിലെ സ്വകാര്യ ബസില്‍ ടിക്കറ്റ് വില്‍പ്പനയ്ക്കു കയറിയതാണ് ലാസര്‍. ഈ ബസിലെ യാത്രക്കാരനായ ഒരാള്‍ ലോട്ടറി ടിക്കറ്റിനായി ലാസറിനെ സമീപിക്കുകയായിരുന്നത്രേ. തന്റെ പക്കല്‍ ആകെയുണ്ടായിരുന്ന 50 രൂപയുടെ നാല് സ്ത്രീശക്തി ടിക്കറ്റുകള്‍ അയാള്‍ക്കു നല്‍കിയെന്നും ലാസര്‍ പറഞ്ഞു.
ഇതിന്റെ വില നല്‍കാനായി യാത്രക്കാരന്‍ നല്‍കിയതാണ് 2000 രൂപയുടെ പുതിയ നോട്ട്. ലോട്ടറിയുടെ വിലയായ 200 രൂപയുടെ ബാക്കി 1800 രൂപ യാത്രക്കാരനു നല്‍കുകയും ചെയ്ത ലാസര്‍ റാന്നി ഇട്ടിയപ്പാറയിലെ ലോട്ടറി മൊത്ത വിതരണക്കാരനു സമീപം എത്തിയപ്പോഴാണ് നോട്ട് വ്യാജനാണോ എന്ന് സംശയം തോന്നിയത്. ലാസറിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന നോട്ട് വിയര്‍പ്പില്‍ കുതിര്‍ന്ന് നിറം ഇളകിയ നിലയിലായിരുന്നു. ഇതും, നോട്ടിലെ വെള്ള നിറമുള്ള ഭാഗത്ത് മാഹാത്മാ ഗാന്ധിയുടെ ചിത്രവും 2000 എന്ന് തലകീഴായി രേഖപ്പെടുത്തിയിട്ടില്ലാത്തതും സംശയത്തിന് ഇട നല്‍കി. കൂടാതെ നോട്ടിന്റെ വലിപ്പ വ്യത്യാസവും വ്യാജ നോട്ടാണെന്ന സംശയം ഇരട്ടിപ്പിച്ചു.
ഇതേത്തുടര്‍ന്നാണ് ഇവര്‍ വിവരം പൊലിസില്‍ അറിയിച്ചത്. തുടര്‍ന്ന് എസ്.പിയുടെ ഷാഡോ പൊലിസംഗം സ്ഥലത്തെത്തി കറന്‍സി കസ്റ്റഡിയില്‍ എടുത്തു. പിടിച്ചെടുത്ത കറന്‍സി വ്യാജമാകാനാണ് സാധ്യത എന്നാണ് പൊലിസ് നല്‍കുന്ന സൂചന. കറന്‍സി സംബന്ധിച്ചും ബസ് യാത്രക്കാരനെപ്പറ്റിയും വിശദമായ അന്വേഷണം നടത്തുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."