മാനന്തവാടിയിലെ പരാജയം; അസംതൃപ്തരെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി
മാനന്തവാടി: പരാജയങ്ങള്‍ തുടര്‍ക്കഥയായ മാനന്തവാടിയിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും അതീതമായി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഡി.സി.സി ജന.സെക്രട്ടറി മുന്‍കൈയെടുത്താണ് കോണ്‍ഗ്രസിലെ അസംതൃപ്തരെയെല്ലാം പാര്‍ട്ടിയോടടുപ്പിച്ച ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
ഇതിന്റെ പ്രാരംഭമായി മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച് കഴിഞ്ഞ ദിവസം പ്രാഥമിക യോഗം ചേര്‍ന്നു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഇത്തരത്തില്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും പല കാരണങ്ങളാല്‍ പല കാലങ്ങളിലായി വിട്ടു നില്‍ക്കുന്നവരും പാര്‍ട്ടി നടപടികള്‍ക്ക് വിധേയരായവരെയും അടുത്ത ഘട്ടത്തില്‍ വിളിച്ച് ചേര്‍ത്ത് ആശയ വിനിമയം നടത്തും.
പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും വിട്ടുവീഴ്ചകള്‍ക്ക് കളമൊരുക്കിയ എല്ലാവരെയും പാര്‍ട്ടിയോടടുപ്പിച്ച് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിയമ സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ജയലക്ഷ്മിക്കുണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
മുഴുവന്‍ പേരേയും മുഖവിലക്കെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണമായി വിലയിരുത്തുന്നത്. പാര്‍ട്ടിയെയും മന്ത്രിയെയും ചിലര്‍ ഹൈജാക്ക് ചെയ്ത് മറ്റുള്ളവരെ അവിശ്വസിപ്പിച്ച് മാറ്റി നിര്‍ത്തുകയായിരുന്നു എന്ന പരാതിയാണ് ഉയര്‍ന്നു വന്നിരുന്നത്.
ഇതോടെയാണ് കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഏറ്റവും ഒടുവിലായി നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയേറ്റത്.
മാനന്തവാടിയിലെ വിട്ടുനില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്തി ശക്തിപ്പെടുത്തുകയാണ് ഇതിന് പരിഹാരമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇതിനായുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."