കോളി ആദിവാസി കോളനിയില്‍: വീടെന്ന സ്വപ്നം പാതിവഴിയില്‍
ആലക്കോട്: ആവശ്യത്തിനു പണമില്ലാത്തതിനാല്‍ ആലക്കോട് കോളി ആദിവാസി പുനരധിവാസ കോളനിയിലെ വീട് നിര്‍മാണം പാതിവഴിയില്‍. 25ഓളം വീടുകളുടെ നിര്‍മാണമാണ് നിര്‍ത്തിവയ്ക്കേണ്ടി വന്നത്. 15 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഒരേക്കര്‍ ഭൂമി വീതം ഇവര്‍ക്ക് പതിച്ചു നല്‍കിയെങ്കിലും അടുത്തകാലത്താണ് വീട് നിര്‍മിക്കാന്‍ രണ്ടര ലക്ഷം മുതല്‍ മൂന്നര ലക്ഷം രൂപ വരെ ഇവര്‍ക്ക് അനുവദിച്ചത്.
എന്നാല്‍ നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ കോളനിയില്‍ എത്തിക്കാന്‍ ഈ തുകയുടെ പകുതിയെങ്കിലും വാഹന വാടക ഇനത്തില്‍ നല്‍കേണ്ട അവസ്ഥയാണ്. കൂലിപ്പണിയെടുത്ത് ജീവിതം തള്ളിനീക്കുന്ന ഇവര്‍ക്ക് ഇത്രയും തുക കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പലരും വീട് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചത്. വെള്ളം പോലും കിലോമീറ്റര്‍ ദൂരത്തു നിന്ന് വാഹനത്തില്‍ എത്തിക്കേണ്ട ഗതികേടിലാണ് ഇവര്‍. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കൂടി കുത്തനെയുള്ള കയറ്റം കയറി വാഹനം എത്തണമെങ്കില്‍ ഇരട്ടി വാടക നല്‍കണം. പണം കണ്ടെത്താന്‍ മറ്റൊരു വഴി ഇല്ലാത്തതിനാല്‍ വീട് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തി പ്ലാസ്റ്റിക് കൂരയില്‍ അന്തിയുറങ്ങേണ്ട സ്ഥിതിയാണ്. പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കൊപ്പം ഏറെ ഭീതിയോടെയാണ് പല അമ്മമാരും ഇത്തരം കുടിലുകളില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."