വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം 30 മുതല്‍
പയ്യന്നൂര്‍: തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തില്‍ 95 വര്‍ഷത്തിനു ശേഷം പെരുങ്കളിയാട്ടം 30 മുതല്‍ ജനുവരി രണ്ട് വരെ നടക്കും. ക്ഷേത്രത്തില്‍ ഒരുക്കിയ നടപന്തലിന്റെ സമര്‍പ്പണം നാളെ വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ് നിര്‍വഹിക്കും. പ്രധാന കോലധാരിയെ കണ്ടെത്തുന്നതിനുള്ള വരച്ചുവയ്ക്കല്‍ ചടങ്ങ് 26ന് നടക്കും. സോവനീര്‍ പ്രകാശനം സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.
27ന് വൈകുന്നേരം പെരുമ്പ ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നു കലവറ നിറക്കല്‍ ഘോഷയാത്ര. 28ന് സാംസ്‌കാരിക സദസ് പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. 29ന് വൈകുന്നേരം പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്തു നിന്നു വിശ്വകര്‍മ്മ ക്ഷേത്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ എടുത്തുപിടിച്ചു വരവ്. കവിയരങ്ങ് എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
30ന് മാടായി തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എത്തിക്കുന്നതോടെ കളിയാട്ടത്തിന് തുടക്കമാകും. വൈകുന്നേരം അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 31ന് മാനവീയ സൗഹൃദ സദസ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ രണ്ടിന് രാവിലെ 8.30ന് ബാലി ദൈവം ഭക്തജനങ്ങളുടെ അകമ്പടിയോടെ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കും അത്തായി തറവാട്ടിലും പോയ ശേഷം തിരിച്ചെത്തും. ഇതോടെ വെള്ളാരങ്ങര ഭഗവതിയുടെ തിരുമുടി നിവരും. പെരുങ്കളിയാട്ടത്തിന്റെ നാലു ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് അന്നദാനം ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ.കെ ശ്രീധരന്‍, വി.പി സുധാകരന്‍, പി രാജീവന്‍, പി കമലാക്ഷന്‍, നാരായണന്‍, പോത്തേര കൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."