ബ്രെഡിലും ബണ്ണിലും ബിസ്‌ക്കറ്റിലും കാന്‍സര്‍ ഒളിച്ചിരിപ്പുണ്ട്..!
ന്യൂഡല്‍ഹി: ബ്രെഡും ബണ്ണും ബിസ്‌ക്കറ്റും നന്നായി കഴിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ, ഇവ മൂന്നിലും കാന്‍സറിനു വരെ കാരണമായേക്കാവുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനറിപ്പോര്‍ട്ടിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍.
ബ്രെഡ്, ബിസ്‌ക്കറ്റ്, ബണ്‍ ഉള്‍പ്പെടെയുള്ള 84 ശതമാനം ബേക്കറി ഉല്‍പ്പന്നങ്ങളിലും ശരീരത്തിനു ഹാനികരമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നതായാണു കണ്ടെത്തല്‍. ഡല്‍ഹിയില്‍നിന്നു ശേഖരിച്ച സാംപിളുകള്‍ വച്ചു നടത്തിയ പരിശോധനയില്‍ മിക്കവയിലും പൊട്ടാസ്യം ബ്രൊമേറ്റിന്റെയും പൊട്ടാസ്യം അയൊഡേറ്റിന്റെയും അംശങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ എന്ന സംഘടനയുടെ കണ്ടെത്തല്‍ പ്രകാരം പൊട്ടാസ്യം ബ്രൊമേറ്റ് കാന്‍സറിനു കാരണമാകുന്ന രാസപദാര്‍ഥമാണ്. പൊട്ടാസ്യം അയൊഡേറ്റ് മിക്ക രാജ്യങ്ങളിലും നിരോധിച്ച രാസപദാര്‍ഥമാണ്.
ഇതു തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍, ഇന്ത്യയില്‍ ഇതുവരെ ഇതു നിരോധിച്ചിട്ടില്ല.
ഉദരവേദന, അതിസാരം, ഛര്‍ദ്ദി, മനംപിരട്ടല്‍, കിഡ്‌നി തകരാര്‍ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്കു കാരണമാകുന്ന പൊട്ടാസ്യം ബ്രൊമേറ്റ് യൂറോപ്യന്‍ യൂനിയനും കാനഡ, നൈജീരിയ, ബ്രസില്‍, ഉത്തരകൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.
എന്നാല്‍ ഇവ രണ്ടും ബേക്കറി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."