വനംവകുപ്പ് ജീവനക്കാര്‍ക്ക് മാവോയിസ്റ്റുകളുടെ താക്കീത്
കാളികാവ്: പൊലിസിനെ സഹായിക്കരുതെന്ന് ആദിവാസികള്‍ക്കു മാവോയിസ്റ്റുകള്‍ നിര്‍ദേശം നല്‍കിയതായി സൂചന. ആദിവാസികളായ വനംവകുപ്പ് ജീവനക്കാര്‍ക്കാണ് താക്കീത് നല്‍കിയിരിക്കുന്നത്. അവകാശങ്ങള്‍ നിറവേറ്റിക്കൊടുക്കാതെ ആദിവാസികളെ അധികൃതര്‍ ചൂഷണം ചെയ്യുകയാണെന്നാണ് മാവോയിസ്റ്റുകളുടെ വാദം.
വനംവകുപ്പില്‍തന്നെ താഴേതട്ടിലുള്ള ജോലികള്‍ നല്‍കി ആദിവാസികളെ കബളിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും ആദിവാസികളോട് മാവോയിസ്റ്റുകള്‍ പറഞ്ഞിട്ടുണ്ട്. കാടിനെക്കുറിച്ച് ആദിവാസികള്‍ക്കു വ്യക്തമായ വിവരമുണ്ട്. മാവോയിസ്റ്റുകളുടെ താവളം കണ്ടുപിടിക്കാനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ആദിവാസികളെയാണ് പൊലിസ് ആശ്രയിച്ചിരുന്നത്. ആദിവാസികളോടു മാവോയിസ്റ്റുകള്‍ മോശമായി പെരുമാറുകയില്ലെന്ന ധാരണയും അധികൃതര്‍ക്കുണ്ട്.
പൊലിസിനെ സഹായിച്ചാല്‍ ദയവുകാണിക്കില്ലെന്ന മുന്നറിയിപ്പാണ് മാവോയിസ്റ്റുകള്‍ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. പൊലിസുകാരെ നേരിടുന്നതുപോലെതന്നെ കൂടെയുള്ള ആദിവാസി ജീവനക്കാരേയും നേരിടുമെന്നും താക്കീത് നല്‍കിയിട്ടുണ്ട്. പരസ്പരം ഏറ്റുമുട്ടലിനുള്ള അവസരം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നു ജീവനക്കാരുടെ കുടുംബാംഗങ്ങളേയും മാവോയിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ട്. കരുളായി മുണ്ടക്കടവ് കോളനിയിലുള്ളവരെയാണ് താക്കീത് അറിയിച്ചിട്ടുള്ളത്.
പൊലിസിനെ സഹായിക്കരുതെന്ന താക്കീതിനു പിന്നില്‍ മാവോയിസ്റ്റ് തിരിച്ചടി ഭീഷണിയുമുണ്ട്. ശക്തമായ പോരട്ടം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് മാവോയിസ്റ്റുകള്‍ ഇങ്ങിനെ താക്കീത് നല്‍കിയതെന്നാണ് പൊലിസ് കരുതുന്നത്. വെടിവയ്പിന് ശേഷം ആദിവാസികളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങളില്‍നിന്ന് ഇതു വ്യക്തമാകുന്നുണ്ടെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."