കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൃത്യം നിര്‍വഹിച്ച കേസില്‍ തെളിവെടുപ്പിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ടുകടവ് കണക്കന്‍ പ്രജീഷ് എന്ന ബാബു (32), തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (26), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് ശ്രീകേഷ് എന്ന അപ്പു (26) എന്നിവരെയാണ് ഇന്നു പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കുന്നത്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി 19നാണ് ഇവരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. അന്നുതന്നെ സംഭവ സ്ഥലമായ കൊടിഞ്ഞി ഫാറൂഖ് നഗര്‍, തിരൂര്‍ തൃക്കണ്ടിയൂര്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഫൈസലിനെ വധിക്കാന്‍ പ്രതികള്‍ എത്തിയ ബൈക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ് പരിസരത്തുള്ള സര്‍വകലാശാല ബി.ജെ.പി അനുകൂല ജീവനക്കാരുടെ ഓഫിസ് വളപ്പില്‍നിന്ന് അന്വേഷണ സംഘം ചൊവാഴ്ച കണ്ടെടുത്തിരുന്നു.
ഫൈസലിനെ വെട്ടാനുപയോഗിച്ച കൊടുവാള്‍ ഇന്നലെ തിരൂര്‍ കുമാരന്‍പടി പ്രദേശത്തെ തിരൂര്‍ പൊന്നാനി പുഴയില്‍നിന്നു പൊലിസിന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു. ശനിയാഴ്ച തിരൂര്‍ സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ദൃക്‌സാക്ഷികളായ ആറുപേരും പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നദിനായി അന്വേഷണസംഘം കോടതിയില്‍ ഹരജി നല്‍കിയത്. കേസില്‍ ഇതിനകം പതിനൊന്നുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൃത്യം നിര്‍വഹിച്ച മറ്റൊരു പ്രതിയെയും പ്രധാന സൂത്രധാരന്‍ തിരൂര്‍ മഠത്തില്‍ നാരായണനെയും അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."