കറന്‍സി പ്രതിസന്ധി; കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
മലപ്പുറം: നോട്ട് നിരോധനവും സാമ്പത്തിക പരിഷ്കരണവും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കുന്ന സംരംഭത്തിനും തിരിച്ചടിയാകുന്നു. ജനകീയ പങ്കാളിത്തത്തോടെ ജില്ലയില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ ഏറ്റവും വലിയ സേവനമാണ് കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. ഡയാലിസിസ് നടത്തുന്ന ആയിരത്തില്‍പരം രോഗികള്‍ക്ക് ഒരു വര്‍ഷം 2.40 കോടി രൂപയും വൃക്ക മാറ്റിവച്ച 451 രോഗികള്‍ക്ക് 1.50 കോടി രൂപയുടെ മരുന്നുമാണ് സൊസൈറ്റി നല്‍കുന്നത്. 2015-16 സാമ്പത്തിക വര്‍ഷം 4.26 കോടി രൂപ വിഭവ സമാഹരണ യജ്ഞത്തിലൂടെ ശേഖരിക്കുകയുണ്ടായി. ഇതില്‍ 2.88 കോടി രൂപ ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളാണ് സമാഹരിച്ച് നല്‍കിയിരുന്നത്.
എന്നാല്‍, ഈ വര്‍ഷം വിദ്യാലയ കാംപയിന് വഴി 1.68 കോടി രൂപയാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 1.20 കോടി രൂപ കുറവാണ്. പൊതുജനങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയില്നിന്നായി 60.50 ലക്ഷം രൂപ മാത്രമാണ് ഇതുവരെ സംഭാവന ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 1.38 കോടി രൂപ ലഭിച്ചിരുന്നു. ത്രിതല പഞ്ചായത്തുകളില്‍നിന്ന് ഓരോ വര്‍ഷവും സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെയാണ് ഈ അനുമതി നല്‍കാറുള്ളത്. ഈ വര്‍ഷം ഈ ഉത്തരവ് നല്കാത്തതിനാല് ത്രിതല പഞ്ചായത്തുകളില്‍നിന്നുള്ള സംഭാവനയുടെ കാര്യവും ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."