ബര്‍ലിന്‍ ആക്രമണം: അക്രമിയെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രം പുറത്തുവിട്ടു
ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിനെ മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ചു കയറ്റി ആക്രമണം നടത്തിയെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. ടൂണീഷ്യന്‍ പൗരനായ 24കാരന് അനീസ് അമരിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
അക്രമിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമി ആയുധധാരിയാണെന്ന മുന്നറിയിപ്പും പൊതുജനങ്ങള്‍ക്കായി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.എന്നാല്‍ അനിസ് അമരിക്ക് ഐഎസുമായുള്ള ബന്ധം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി ട്രക്ക ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ 12 പേര് കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കെയ്സര്‍ വില്‍ഹം പള്ളിക്ക് സമീപത്തുള്ള മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ബെര്‍ലിനിലെ അതിപുരാതനമായ ദേവാലയമാണ് കെയ്സര്‍ വില്‍ഹം.
അതിവേഗത്തിലെത്തിയ ലോറി ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നുവെന്നാണു ദൃക്സാക്ഷി മൊഴി. ട്രക്കില്‍ ഡ്രൈവര്‍ക്കൊപ്പമുള്ള ആള് കൊല്ലപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."