സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബിനാലെ വേദിയില്‍ അവധിക്കാല പരിശീലന കളരി
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്രിസ്തുമസ് അവധിക്കാലത്ത് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പരിശീലനകളരി സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളില്‍ കലാവബോധം വളര്‍ത്തുന്നതിനു തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ(എബിസി) ആഭിമുഖ്യത്തിലാണ് പരിപാടി. കൊച്ചിമുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ വേദികളിലൊന്നായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ ഡിസംബര്‍ 26 തിങ്കളാഴ്ച മുതല്‍ 28 വരെ മൂന്നു ദിവസത്തേക്കാണ് പരിശീലന കളരി. പന്ത്രണ്ടു പതിമ്മൂന്നും വയസ് പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലന കളരിയില്‍ പ്രവേശനം. മൂന്നു ദിവസങ്ങളിലായി രാവിലെ 9.30 മുതല്‍ 3.30 വരെയായിരിക്കും വിദഗ്ധര്‍ പങ്കെടുക്കുന്ന പരിശീലനക്കളരി നടക്കുന്നത്. ആദ്യഘട്ടത്തില്‍ 35 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കാനുദ്ദേശിക്കുന്നത്. അതില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുകയാണെങ്കില്‍ ഡിസംബര്‍ 29 മുതല്‍ വീണ്ടും ത്രിദിന പരിശീലന കളരി നടത്തും. ലളിതകല, അരങ്ങ് എന്നിവയില്‍ നിപുണരായ എട്ട് കലാകാരന്മാരാണ് പരിശീലന കളരിയ്ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും 9072622012, 9562704925 നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."