കരാട്ടെയില്‍ ദേശീയ ശ്രദ്ധനേടി കൊടുവള്ളി സ്വദേശി
കൊടുവള്ളിഃ ദേശീയ സംസ്ഥാനതല കരാട്ടെ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി കൊടുവള്ളി സ്വദേശി ശ്രദ്ധേയനാകുന്നു. പെരിയാംതോട് തെറ്റുമ്മല്‍ മുനീര്‍ (40) ആണ് കരാട്ടെയില്‍ പ്രഗത്ഭ താരങ്ങളെ മലര്‍ത്തിയടിച്ച് നാടിന്റെ അഭിമാനമായത്. കഴിഞ്ഞ മാസം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മുംബൈയില്‍ സംഘടിപ്പിച്ച ബ്ലാക്ക് ബെല്‍റ്റ് കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച മുനീര്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. 2005ല്‍ ഹൈദരാബാദ് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ദേശീയ കരാട്ടെ മാത്സരത്തില്‍ വെള്ളി മെഡലും 2014 ല്‍ കോട്ടയത്ത് നടന്ന അഖിലേന്ത്യാ ഇന്‍വിറ്റേഷണല്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും മുനീര്‍ നേടിയിരുന്നു. ജില്ലക്കകത്തും പുറത്തുമുള്ള നിരവധി സ്‌കൂളുകളില്‍ കരാട്ടെ പരിശീലകനായി ജോലി ചെയ്യുന്ന മുനീര്‍ നാടക രചനയിലും സംവിധാനത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ടണ്ട്. മുനീര്‍ എഴുതി സംവിധാനം ചെയ്ത കളിയില്‍ അല്‍പം കാര്യം, തിരക്കിനിടയില്‍ അല്‍പനേരം, ക്യാമറക്കണ്ണുകള്‍ തുടങ്ങിയ നാടകങ്ങള്‍ സ്‌കൂള്‍ കലോല്‍സവ വേദികളില്‍ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. പെരിയാംതോട് തെറ്റുമ്മല്‍ മുഹമ്മദ്-ആയിശക്കുട്ടി ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."