സംസ്ഥാന സ്‌കൂള്‍ കായികമേള: ജില്ലയുടെ അഭിമാനമായി ദൃശ്യ
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഐ.വി ദൃശ്യ വയനാടിന്റെ അഭിമാനമായി. സീനിയര്‍ വിദ്യാര്‍ഥികളുടെ ജാവലിന്‍ ത്രോയിലാണ് സ്വര്‍ണനേട്ടം കൊയ്തത്. ഹൈദരാബാദില്‍ നടക്കുന്ന ദേശീയ കായികമേളയില്‍ ദൃശ്യ പങ്കെടുക്കും. ബത്തേരി ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മുട്ടിലിലെ വാസുദേവന്റെ മകളുമാണ് ഈ കൊച്ചു മിടുക്കി. ഒമ്പതാം ക്ലാസില്‍ സ്‌കൂളില്‍ ചേര്‍ന്ന വര്‍ഷം തന്നെ സംസ്ഥാന കായിക മേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സീനിയര്‍ വിദ്യാര്‍ഥികളുടെ ജാവലിനില്‍ ആറാം സ്ഥാനത്തിനര്‍ഹയായി. ഈ വര്‍ഷം സ്വര്‍ണമെഡല്‍ ജേതാവും. സംസ്ഥാന ജൂനിയര്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ ദൃശ്യക്ക് സീനിയര്‍ വനിതാ ടീമിലേക്കും സെലക്ഷന്‍ ലഭിച്ചു. ആലപ്പുഴയിലെ പരിശീലന ക്യാംപിലാണ് ദൃശ്യയുള്ളത്. സംസ്ഥാന ബേസ് ബോള്‍ ചാംപ്യന്മാരായ വയനാട് ജില്ലാ ടീം അംഗമാണ്. സര്‍വജന സ്‌കൂളിലെ കായികാധ്യാപകനായ ബിജു ഫ്രാന്‍സീസിന്റെ കീഴിലായിരുന്നു പരിശീലനം.
ദൃശ്യയുടെ കഴിവ് മനസിലാക്കി ഉയരാന്‍ അവസരമൊരുക്കിയതും ബിജുവാണ്. ദൃശ്യക്കും ബിജു ഫ്രാന്‍സീസിനും ബത്തേരിയില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ 9.30ന് അസംപ്ഷന്‍ ജംഗ്ഷനില്‍ ഇരുവരേയും സ്വീകരിക്കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ സ്‌കൂള്‍ അങ്കണത്തിലേക്ക് ആനയിക്കും.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ അധ്യക്ഷനാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉപഹാര സമര്‍പ്പണം നടത്തും. പി.ടി.എ ദൃശ്യക്ക് നല്‍കുന്ന 10000 രൂപയുടെ കാഷ് അവാര്‍ഡ് മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ എ.കെ കരുണാകരന്‍, ഹെഡ്മാസ്റ്റര്‍ പി.എ മുരളീധരന്‍, ഡോ. കെ മനോജ്കുമാര്‍, പി.ടി.എ പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍, എം.പി.ടി.എ പ്രസിഡന്റ് സായ് സുധ സുന്ദര്‍, സ്‌കൂള്‍ ചെയര്‍മാന്‍ പി അന്‍ഷിഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."