ഖജനാവ് കാലിയെന്ന് ഇടതുപക്ഷം: ധവളപത്രമിറക്കും
തിരുവനന്തപുരം: നാളെ അധികാരമേല്‍ക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെ കാത്തിരിക്കുന്നതു കാലിയായ ഖജനാവും കടംകൊണ്ടു മൂടിയ കേരളവും. മാസശമ്പളം കൊടുക്കാന്‍ പോലും കടമെടുക്കേണ്ട അവസ്ഥയിലാണു സംസ്ഥാനം മുന്നോട്ടു പോകുന്നത്. 2015-16 സാമ്പത്തികവര്‍ഷത്തെ പൊതുകടം 14874.49 കോടിയോളം രൂപയാണ്. ഈ മാസം വൈദ്യുതി ബോര്‍ഡിന്റെ 200 കോടി രൂപ ഓവര്‍ഡ്രാഫ്റ്റായി എടുത്താണു ശമ്പളം നല്‍കിയത്.
കഴിഞ്ഞമാസവും ഇതേ പോലെ കടമെടുത്ത് ശമ്പളം നല്‍കിയെങ്കിലും മാസാവസാനം അതു തിരികെ നല്‍കി. ട്രഷറി പൂട്ടാതിരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പൊതുമരാമത്ത് ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പിലെയും കരാറുകാരുടെ ബില്ലുകള്‍ ട്രഷറിയില്‍ അയക്കാതെ ധനവകുപ്പ് തടഞ്ഞുവച്ചു. കൂടാതെ പദ്ധതി ചെലവുകളുടെ പണം പിടിച്ചു വച്ചും പൊതുമേഖലാ ക്ഷേമനിധി സ്ഥാപനങ്ങളിലെ 2020 കോടി ട്രഷറിയിലേക്കു മാറ്റിയും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയും ട്രഷറിക്കു താഴുവീഴാതെ പിടിച്ചുനിന്നു. കെ.എസ് ആര്‍.ടി.സിയുടെ ബാധ്യത തീര്‍ക്കാനെടുത്ത 1200 കോടി രൂപ ട്രഷറിയിലേക്കു മാറ്റിയാണു കഴിഞ്ഞ മാസം ശമ്പളം വിതരണം ചെയ്തത്.
കഴിഞ്ഞ സര്‍ക്കാരിനു നികുതി വരുമാനം വളരെ കുറവായിരുന്നു. കൂടാതെ കേന്ദ്രവിഹിതത്തില്‍ കാര്യമായ കുറവുമുണ്ടായിരുന്നു. 2011ല്‍ സംസ്ഥാനത്തിന്റെ പൊതുകടം 78,673.24 കോടിയായിരുന്നുവെങ്കില്‍ 2015 മെയ് 31ലെ എ.ജിയുടെ പ്രാഥമിക കണക്കുപ്രകാരം സംസ്ഥാനത്തിന്റെ പൊതുകടം 1,35,114.95 കോടി രൂപയാണ്. അതായത് കഴിഞ്ഞ സര്‍ക്കാര്‍ മാത്രം 56,441.2 കോടി രൂപയുടെ പൊതുകടം വരുത്തി. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 58 തവണയാണു പൊതുവിപണിയില്‍ നിന്നു കടമെടുത്തത്. ഇത്തരത്തില്‍ 50,116 കോടി രൂപയാണ് കടമെടുത്തത്.
2009ല്‍ സംസ്ഥാനത്തിന്റെ പൊതുകടം 63,270 കോടിയായിരുന്നു. 2010ല്‍ ഇത് 70,969 കോടിയായും 2011ല്‍ ഇത് 78,673 കോടിയായും ഉയര്‍ന്നു. 2012 ല്‍ 89,418 കോടിയില്‍ എത്തിയ കടം 2013 ല്‍ 1,03,560 കോടിയായി മാറി.
2013-14 വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ റവന്യൂ ചെലവുകള്‍ 60,485 കോടിയായിരുന്നു. മൂലധന ചെലവ് 1, 30,062 കോടിയും.റവന്യൂ ചെലവും മൂലധനചെലവുമായി 2013-14 ലെ ആകെ ചെലവ് 1,90,548.40 കോടിയായിരുന്നു. ഇതേസമയം 2013-14 ലെ റവന്യൂവരുമാനം 49,176.93 കോടിയായിരുന്നു.
2015ല്‍ റവന്യൂ വരുമാനം 57,936.83 കോടിയായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 7,800 കോടിയുടെ അധിക നികുതിബാധ്യതകള്‍ ഉണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനായില്ല. കൂടാതെ സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസായ മദ്യത്തിന്റെ നികുതി ഇല്ലാതാകുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് 31ന് 1,643 കോടിയുടെ മിച്ചമുണ്ടായിരുന്നുവെന്നാണ് അവകാശ വാദം. എന്നാല്‍ ഇത് മറ്റു ഫണ്ടുകള്‍ വഴിതിരിച്ചു വിട്ടതിനാലാണെന്നാണ് ഇടതുനേതൃത്വം പറയുന്നത്.
15 വര്‍ഷം മുന്‍പു കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമാണ് ഇന്നു സംസ്ഥാനത്തിന്റെ സ്ഥിതിയെന്നു നിയുക്ത ധനമന്ത്രി തോമസ് ഐസക് സുപ്രഭാതത്തോട് പറഞ്ഞു. കടം വാങ്ങുന്ന പണത്തിന്റെ 70 ശതമാനത്തോളം തുക ദൈനംദിന ചെലവിന് ഉപയോഗിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂലധന ചെലവില്‍ ഗണ്യമായ ഇടിവുണ്ടാകുന്നു.
ഇക്കാര്യങ്ങളില്‍ സമഗ്രമായ പരിശോധന നടത്തും. ഇതു സംബന്ധിച്ചു പുതിയ സര്‍ക്കാര്‍ ധവളപത്രമിറക്കും. നികുതി ഭരണ സംവിധാനത്തിലെ തകര്‍ച്ച ഒരു ദിവസംകൊണ്ടു മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ നടപടികളെടുത്താലും ഫലവത്താകാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വികസനം സംബന്ധിച്ചു പുതിയ സമന്വയമുണ്ടാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ചില ചുവടുമാറ്റങ്ങള്‍ അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."