ഘടകകക്ഷികളില്‍ 'കസേരപ്പോര്'; തര്‍ക്കമില്ലാത്തത് സി.പി.എമ്മില്‍
തിരുവനന്തപുരം: വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്കു കയറുന്ന ഇടതുമുന്നണിയില്‍ മന്ത്രിമാരെ സംബന്ധിച്ചു പുത്തരിയില്‍ തന്നെ കല്ലുകടി. ഒന്നിലധികം എം.എല്‍.എമാരുള്ള പാര്‍ട്ടികളില്‍ വലിയ തര്‍ക്കങ്ങളില്ലാതെ മന്ത്രിമാരെ തീരുമാനിക്കാനായത് സി.പി.എമ്മിനു മാത്രം. മറ്റു ഘടകകക്ഷികള്‍ക്കൊന്നും മന്ത്രിമാരുടെ കാര്യത്തില്‍ ഏകാഭിപ്രായത്തോടെ തീരുമാനത്തിലെത്താനായില്ല.
മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയുടെ നാലു മന്ത്രിമാരെയും ഇന്നലെ തീരുമാനിച്ചെങ്കിലും അതു സംബന്ധിച്ച മുറുമുറുപ്പുകള്‍ അവസാനിച്ചിട്ടില്ല. നാലുപേരും പുതുമുഖങ്ങള്‍ ആയിരിക്കണമെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിയത് കടുത്ത എതിര്‍പ്പുകള്‍ക്കിടയിലാണ്. നാലു പുതുമുഖങ്ങളെ മന്ത്രിമാരായി നിശ്ചയിച്ചപ്പോള്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന സി. ദിവാകരനും മുല്ലക്കര രത്‌നാകരനും തഴയപ്പെട്ടു. ഇതില്‍ ഒരു വിഭാഗത്തിനു ശക്തമായ എതിര്‍പ്പുണ്ട്. മണ്ഡലം മാറിയെത്തി നെടുമങ്ങാടു പിടിച്ചെടുത്ത ദിവാകരന്‍ അവഗണിക്കപ്പെട്ടതില്‍ എതിര്‍പ്പുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഏറെയാണ്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പേമെന്റ് സീറ്റ് വിവാദത്തില്‍പ്പെട്ട ദിവാകരനെ മന്ത്രിയാക്കരുതെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം അത് അംഗീകരിക്കുകയായിരുന്നു. മുല്ലക്കര പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണെന്നും വാര്‍ത്തയുണ്ട്. പുതിയ ടീമില്‍ മന്ത്രിയെന്ന നിലയില്‍ ശോഭിക്കാനിടയുള്ളവര്‍ ആരുമില്ലെന്നു വാദിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഏറെയാണ്.
മറ്റൊരു ഘടകകക്ഷിയായ ജനതാദളി(എസ്)ല്‍ മന്ത്രിസ്ഥാനത്തിനു വേണ്ടി കടുത്ത പോരാണു നടന്നത്. മന്ത്രിക്കസേരക്കായി മുന്‍മന്ത്രി മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും രംഗത്തുവന്നതോടെ പാര്‍ട്ടി രണ്ടു ചേരിയിലായി. തര്‍ക്കം മൂത്തപ്പോള്‍ ഒരു സമുദായത്തിന്റെ നേതാക്കള്‍ ഇടപെടുക പോലുമുണ്ടായി. ഒടുവില്‍ സി.പി.എം നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നു മാത്യു ടി.തോമസിനു നറുക്കുവീണിട്ടുണ്ടെങ്കിലും തര്‍ക്കം അവസാനിച്ചിട്ടില്ല. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടഞ്ഞുതന്നെ നില്‍ക്കുകയാണ്. എന്‍.സി.പിയില്‍ മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള തര്‍ക്കം കേന്ദ്രനേതൃത്വത്തിന്റെ മുന്‍പിലാണുള്ളത്.
ആകെ രണ്ട് എം.എല്‍.എമാരാണു പാര്‍ട്ടിക്കുള്ളത്. ഇതില്‍ മുതിര്‍ന്ന നേതാവ് എ.കെ.ശശീന്ദ്രന്‍ മന്ത്രിയാകണമെന്നു വാദിക്കുന്നവരാണ് ഒരു വിഭാഗം. എന്നാല്‍ മന്ത്രിസ്ഥാനം വിട്ടുകൊടുക്കാന്‍ തോമസ് ചാണ്ടി തയാറല്ല.
തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ താന്‍ മന്ത്രിയാകുമെന്നും ജലസേചനവകുപ്പായിരിക്കും കൈകാര്യം ചെയ്യുകയെന്നും വരെ തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് രണ്ടര വര്‍ഷം വീതം ഓരോരുത്തരും മന്ത്രിയാകുക എന്ന ഫോര്‍മുല പാര്‍ട്ടിക്കു മുന്നില്‍ വന്നെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഒടുവില്‍ തര്‍ക്കം കേന്ദ്ര നേതൃത്വത്തിന്റെ തീര്‍പ്പിനു വിട്ടിരിക്കയാണ്. കോണ്‍ഗ്രസ്(എസ്) പ്രതിനിധിയായി സഭയിലെത്തിയത് രാമചന്ദ്രന്‍ കടന്നപ്പള്ളി മാത്രമായതിനാല്‍ ആ പാര്‍ട്ടിയില്‍ മന്ത്രിയുടെ കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."