എയ്‌റോ ബ്രിഡ്ജ് നാളെ വിമാനത്താവള പദ്ധതി പ്രദേശത്തെത്തും
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ടെര്‍മിനല്‍ കെട്ടിടത്തില്‍ നിന്ന് റണ്‍വേയില്‍ സ്ഥാപിക്കാനുള്ള നാലാമത്തെ എയ്‌റോ ബ്രിഡ്ജ് നാളെ പുലര്‍ച്ചെയോടെ വിമാനത്താവള പദ്ധതി പ്രദേശത്തെത്തും. ചൈനയില്‍ നിന്നു കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിയ ബ്രിഡ്ജ് റോഡ് മാര്‍ഗമാണ് മൂര്‍ഖന്‍പറമ്പില്‍ എത്തിക്കുക. ബുധനാഴ്ച രാത്രി കൊച്ചിയില്‍ നിന്നു പുറപ്പെട്ട് കോഴിക്കോട് എത്തിച്ച ബ്രിഡ്ജ് ട്രക്കില്‍ കയറ്റി ഇന്നലെ രാത്രി മട്ടന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ബോലോര്‍ ലോജിസ്റ്റിക്‌സ് കമ്പനിയാണ് ചൈനയില്‍ നിന്നും എയ്‌റോ ബ്രിഡ്ജ് മട്ടന്നൂരില്‍ എത്തിക്കുന്നത്. ദേശീയപാതയില്‍ തലശ്ശേരി തലായി വരെ തടസങ്ങള്‍ ഇല്ലെങ്കിലും തലശ്ശേരി നഗരവും തുടര്‍ന്ന് മട്ടന്നൂര്‍ വരെയും കടന്നുകിട്ടാന്‍ ഏറെ പ്രയാസമായിരിക്കുമെന്നാന്ന് അധികൃതര്‍ പറയുന്നത്. തടസം നേരിട്ടാല്‍ ഒരു ദിവസം കൂടി താമസിച്ചേ എയ്‌റോ ബ്രിഡ്ജ് എത്തുകയുള്ളൂ. മൂന്നു മാസം മുമ്പ് അഴീക്കല്‍ തുറമുഖത്ത് എത്തിച്ച മൂന്ന് എയ്‌റോ ബ്രിഡ്ജുകള്‍ ദിവസങ്ങള്‍ എടുത്താണ് വിമാനത്താവളത്തില്‍ എത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും പൊലിസ്, വൈദ്യുതി ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് മട്ടന്നൂരില്‍ എയ്‌റോ ബ്രിഡ്ജ് എത്തിച്ചിരുന്നത്. അഴീക്കല്‍ തുറമുഖം വഴി മട്ടന്നൂരില്‍ എത്തിക്കുക എളുപ്പമല്ലാത്തതാണ് ഇപ്രാവശ്യം കൊച്ചിയില്‍ നിന്നു റോഡ് മാര്‍ഗം മട്ടന്നൂരില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."