പ്രവാസിക്ഷേമ പദ്ധതിയുമായി മുഖ്യമന്ത്രി; തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ 6 മാസത്തെ ശമ്പളം നല്‍കും
ദുബായ്: തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് ആറു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രധാന പ്രഖ്യാപനം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി മലയാളികളെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഓരോ വര്‍ഷവും ഒരു മാസത്തെ ശമ്പളം നല്‍കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിത നിക്ഷേപത്തിനായി പ്രവാസി നിക്ഷേപ സെല്‍ രൂപീകരിക്കും. ഏക ജാലക സംവിധാനമായാണ് പ്രവാസി നിക്ഷേപ സെല്‍ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് പ്രവാസികള്‍ക്കു വിശ്വാസപൂര്‍വ്വം നിക്ഷേപം നടത്താനും അതിലൂടെ വരുമാനമുണ്ടാക്കാനും ഉള്ള സര്‍ക്കാര്‍ പദ്ധതികള്‍ വരും. കിഫ്ബി പോലുള്ളവയില്‍, സ്‌പെഷല്‍ പെര്‍പസ് വെഹിക്കിള്‍ പോലുള്ളവയില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കും.
സാന്ത്വനം പദ്ധതിയുടെ ഭാഗമായി പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍, ജോലി അന്വേഷിക്കുന്നവര്‍ക്കായി നിലവിലുള്ള പ്രീഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം പൂര്‍ണമായും പുനഃസംഘടിപ്പിക്കും. വിദഗ്ദ്ധ സര്‍ക്കാര്‍ ഏജന്‍സികളുമായിച്ചേര്‍ന്ന് കാലോചിതമായ മാറ്റങ്ങള്‍ വരുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശരിയായ പരിശീലനം നടത്തുന്നതിനാവും ഇതുവഴി ശ്രമിക്കുക. തിരിച്ചുവരുന്ന പ്രവാസികള്‍ക്കായുള്ള പുനഃരധിവാസ പദ്ധതി കൂടുതല്‍ ഫലപ്രദമാക്കേണ്ടതുണ്ട്. ഇതിനായി, മൂലധന സബ്‌സിഡി ഉയര്‍ത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. നിലവിലുള്ള ബാങ്കുകളെ കൂടാതെ, പ്രാഥമിക സഹകരണസംഘങ്ങള്‍ മുഖാന്തിരം ലോണ്‍ നല്‍കുന്ന നടപടികളും പരിശോധിച്ചു വരുന്നു.
പ്രവാസി മലയാളിയുടെ കുടുംബത്തിനു തിരികെ വരുമ്പോള്‍ ഒരു സംരംഭം വിജയകരമായി നടത്തുവാന്‍ കഴിയുന്ന തരത്തിലും വായ്പയും വൈദഗ്ധ്യവും ലഭ്യമാക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
പ്രവാസികള്‍ക്ക് വിദേശത്ത് നിയമസഹായം ലഭ്യമാക്കുന്ന പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, ജയില്‍ മോചിതരായി തിരികെ വരുന്നവര്‍ക്കുള്ള സ്വപ്ന സാഫല്യം പദ്ധതി എന്നിവ നടപ്പാക്കുന്നതിന് ഉള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍, സംഘടനകള്‍ എന്നിവരുമായി ചേര്‍ന്ന് ഉടനടി സഹായം ലഭിക്കുന്ന രീതിയില്‍ പദ്ധതി വിപുലീകരിക്കാന്‍ ആലോചിക്കുന്നു.
പ്രവാസികളുടെ കൃത്യമായ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്നതിനും പ്രവാസം സംബന്ധിച്ച കാലികമായ സൂക്ഷ്മപഠനം, ഗവേഷണം എന്നിവയ്ക്കായി കേരള മൈഗ്രേഷന്‍ സെന്റര്‍ എന്ന തരത്തില്‍ ഒരു വിദഗ്ദ്ധ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പ്രവാസി വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനായി ഒരാഗോള പ്രവാസി സമ്മേളനം നടത്തുവാന്‍ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."