കരിപ്പൂരില്‍ മൂടല്‍ മഞ്ഞ്: ഒന്‍പത് വിമാനങ്ങള്‍ തിരിച്ചുവിട്ടു
കൊണ്ടോട്ടി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒന്‍പത് വിമാനങ്ങള്‍ നിലത്തിറക്കാനാകാതെ കൊച്ചി,തിരുവനന്തപുരം,കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
വിമാന സര്‍വിസുകള്‍ കൂട്ടത്തോടെ താളം തെറ്റിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വൈകിയെത്തിയ വിമാനങ്ങള്‍ക്ക് പകലത്തെ റണ്‍വെ നിയന്ത്രണം നീക്കിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി സൗകര്യമൊരുക്കിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ രാവിലെ 10 വരെയാണ് മൂടല്‍ മഞ്ഞ് കാരണം വിമാനത്താവളത്തില്‍ ലാന്റിങ് തടസ്സപ്പെട്ടത്. ഇവ പിന്നീട് മണിക്കൂറുകള്‍ വൈകിയെത്തി സര്‍വിസ് പുനരാരംഭിച്ചത് ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പടെയുളള യാത്രക്കാരെ വലച്ചു. എയര്‍ ഇന്ത്യയുടെ ഷാര്‍ജ, ദുബൈ, എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ദുബൈ, അബൂദബി, മസ്‌കത്ത് ,ദമാം എന്നീ ആറ് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ഒമാന്‍ എയര്‍വേഴ്‌സിന്റെ മസ്‌കത്ത്, ഇത്തിഹാദിന്റെ അബൂദബി വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കും,സ്‌പൈസ് ജെറ്റിന്റെ ചെന്നൈ വിമാനം കോയമ്പത്തൂരിലേക്കുമാണ് തിരിച്ചുവിട്ടത്. അതിനിടെ കരിപ്പൂരില്‍ ലാന്റിങ് സാധ്യമല്ലെന്ന് നേരത്തേ മനസ്സിലാക്കിയതിനാല്‍ മുംബൈയില്‍ നിന്നുള്‍പ്പെടെയുള്ള നാല് വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് കരിപ്പൂരില്‍ എത്തിയത്.
തിരിച്ചു വിട്ട വിമാനങ്ങളെല്ലാം കൃത്യസമയത്ത് തന്നെ ലാന്റിങിനായി കരിപ്പൂരിന് മുകളിലെത്തിയെങ്കിലും അന്തരീക്ഷം മേഘാവൃതമായതിനാല്‍ തടസപ്പെടുകയായിരുന്നു.
പൈലറ്റുമാര്‍ നിരവധി തവണ ലാന്റിങിനായി റണ്‍വെയുടെ നേര്‍രേഖ കാണാന്‍ ആകാശത്ത് വട്ടമിട്ട് പറന്നെങ്കിലും സാധ്യമായില്ല. തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം തിരിച്ചുവിടുകയായിരുന്നു. ഇതോടെ ഇവയുടെ കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്കുള്ള തുടര്‍ സര്‍വിസുകളും താളം തെറ്റി.
കൊച്ചിയിലേക്ക് തിരിച്ചുവിട്ട എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ വിമാനത്തിലെ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോയതോടെ യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയതും പ്രതിഷേധത്തിനിടയാക്കി. ഒമാന്‍ എയര്‍വേഴ്‌സിന്റെ വിമാനം ഉച്ചക്ക് കരിപ്പൂരില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും പുറപ്പെടാനായി യാത്രക്കാരെ കയറ്റിയശേഷം റദ്ദാക്കിയത് യാത്രക്കാരെ പ്രകോപിതരാക്കി. വിമാന കമ്പനി ഭക്ഷണം നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഇവരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി. ഈ വിമാനം ഇന്നു രാവിലെ പുറപ്പെടും.പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെ പ്രതിരോധിക്കാന്‍ വിമാനത്താവളത്തിലെ ഐ.എല്‍.എസ്സുകള്‍ക്ക് സാധ്യമാവാതെ വന്നതോടെയാണ് വിമാനങ്ങള്‍ തിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയത്.
വിമാനങ്ങള്‍ കൂട്ടത്തോടെ തിരിച്ചുവിട്ടത് കരിപ്പൂരില്‍ യാത്രക്കാരെ കാത്തിരുന്നവരെയും ഗള്‍ഫിലേക്ക് പോകാനെത്തിയവരേയും വലച്ചു. തിരിച്ചുവിട്ട വിമാനങ്ങള്‍ എല്ലാം മണിക്കൂറുകള്‍ വൈകിയെത്തിയാണ് വീണ്ടും കരിപ്പൂര്‍ വിട്ടത്. ഇത് വിമാനത്താവള ടെര്‍മിനലിലും കനത്ത തിരക്കിനിടയാക്കി. റണ്‍വെ റീ കാര്‍പ്പറ്റിങ് നടക്കുന്നതിനാല്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ടുവരെ കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ നിയന്ത്രണമുണ്ട്. ഇന്നലെ സര്‍വിസുകള്‍ എല്ലാ താളം തെറ്റിയതിനാല്‍ ഈ നിയന്ത്രണവും എയര്‍പോര്‍ട്ട് അതോറിറ്റി നീക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."