ഫെബ്രുവരി മുതല്‍ വൈദ്യുതി നിരക്ക് വര്‍ധനക്ക് ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഫെബ്രുവരി മുതല്‍ വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ ശുപാര്‍ശ. ആറു ശതമാനം വരെ കൂട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാസം 40 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വര്‍ധനയുണ്ടാകില്ല. കാര്‍ഷിക മേഖലയ്ക്കും ഇളവുണ്ട്. ജലനിധിയടക്കമുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് വീട്ടാവശ്യ നിരക്ക് ബാധകമാക്കാനും നിര്‍ദേശമുണ്ട്. നിരക്ക് വര്‍ധനക്ക് 2018 വരെ പ്രാബല്യമുണ്ടായിരിക്കും. 2014ലാണ് ഇതിനുമുന്‍പ് നിരക്ക് കൂട്ടിയത്.
കെ.എസ്.ഇ.ബിക്ക് നടപ്പുവര്‍ഷം ഉണ്ടാകാനിടയുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നിരക്ക് വര്‍ധനയെന്നാണ് റെഗുലേറ്ററി കമ്മിഷന്‍ പറയുന്നത്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് കടുത്ത വൈദ്യുതിക്ഷാമത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. അണക്കെട്ടുകളില്‍ 48 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. 1,988 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മാത്രമാണ് ഈ വെള്ളം തികയുക. ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ഉല്‍പാദനം.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന വകയില്‍, പ്രതിമാസം 77 കോടിയാണ് കെ.എസ്.ഇ.ബിയുടെ ബാധ്യത. വര്‍ധിച്ച ചെലവ് കണക്കിലെടുത്ത് റെഗുലേറ്ററി കമ്മിഷന്‍ നിരക്ക് കൂട്ടാന്‍ സ്വമേധയാ തീരുമാനിക്കുകയായിരുന്നു. വൈദ്യുതി ബോര്‍ഡിന് നടപ്പു സാമ്പത്തിക വര്‍ഷം 163 കോടിയുടെയും അടുത്ത വര്‍ഷം 633 കോടിയുടെയും അധിക സാമ്പത്തിക ബാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കുന്നതോടെ പ്രതിമാസം 71 കോടിയുടെ അധിക വരുമാനമുണ്ടാകും.
27 മുതല്‍ റെഗുലേറ്ററി കമ്മിഷന്‍ നടത്തുന്ന പൊതുതെളിവെടുപ്പിന് ശേഷമായിരിക്കും നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കുക. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെളിവെടുപ്പ് 27ന് രാവിലെ 11ന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലേത് 28ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും എറണാകുളം, ആലപ്പുഴ ജില്ലകളിലേത് ജനുവരി മൂന്നിന് രാവിലെ 11ന് കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലും തൃശൂര്‍, പാലക്കാട് ജില്ലകളിലേത് ജനുവരി നാലിന് രാവിലെ 11ന് തൃശൂര്‍ ടൗണ്‍ഹാളിലും നടക്കും.
പത്തനംതിട്ട, കൊല്ലം ജില്ലകളിലെ തെളിവെടുപ്പ് ജനുവരി 12ന് രാവിലെ 11ന് പത്തനംതിട്ട വൈദ്യുതി ഭവനിലും ഇടുക്കി, കോട്ടയം ജില്ലകളിലേത് 13ന് രാവിലെ 11ന് കട്ടപ്പന മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും തിരുവനന്തപുരത്തേത് 17ന് രാവിലെ 11നും നടക്കും. ജനങ്ങള്‍ക്ക് ജനുവരി ആറുവരെ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍, സി.വി രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695 010 എന്ന വിലാസത്തില്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."