യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി വിശാല മതേതരസഖ്യത്തിന് ധാരണ
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഒന്നിച്ചു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനമായി. വിശാല മതേതരസഖ്യത്തിന്റെ ബാനറില്‍ മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്-എസ്.പി സഖ്യത്തിന് ആര്‍.എല്‍.ഡിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവാണു മതേതരസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. സീറ്റ് പങ്കിടുന്നതു സംബന്ധിച്ചും മൂന്നുപാര്‍ട്ടികളുടെ നേതാക്കളും ധാരണയിലെത്തിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിപദം ഉള്‍പ്പെടെയുള്ളവ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കാമെന്നതാണു വ്യവസ്ഥ. എന്നാല്‍, ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസ് ഇന്നലെ തന്നെ ആവശ്യപ്പെട്ടതായാണു സൂചന. കോണ്‍ഗ്രസ് 100 സീറ്റുകളാണ് ആവശ്യപ്പെട്ടതെങ്കിലും 78 സീറ്റാണു ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ മകന്‍ അജിത് സിങ്ങിന്റെ ആര്‍.എല്‍.ഡിക്ക് 22 സീറ്റുകളും നല്‍കും. കോണ്‍ഗ്രസ് നൂറുസീറ്റില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അംഗീകരത്തിനു ശേഷമേ ധാരണ ഔദ്യോഗികമായി പ്രഖ്യാപിക്കുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
404 അംഗ യു.പി നിയമസഭയില്‍ നിലവില്‍ എസ്.പിക്ക് 229 സീറ്റുണ്ട്. ബി.എസ്.പിക്ക് 81ഉം ബി.ജെ.പിക്ക് 41ഉം കോണ്‍ഗ്രസിന് 29ഉം സീറ്റാണുള്ളത്. ആര്‍.എല്‍.ഡി.ക്ക് എട്ട് സീറ്റുമുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ശക്തമായ സാന്നിധ്യമുള്ള ആര്‍.എല്‍.ഡി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പിക്കൊപ്പം നിന്നു മത്സരിച്ചിരുന്നെങ്കിലും സീറ്റുകളൊന്നും ലഭിച്ചില്ല.
അതിനു മുന്‍പുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി മത്സരിച്ച് അഞ്ച് സീറ്റുകളില്‍ വിജയിച്ചിരുന്നു.
നാലു മുന്‍ ഭരണകക്ഷികള്‍ രംഗത്തുള്ള ഉത്തര്‍പ്രദേശില്‍ ശക്തമായ ചതുഷ്‌കോണ മത്സരത്തിനു കളമൊരുങ്ങിയിരുന്നെങ്കിലും എസ്.പിയും കോണ്‍ഗ്രസും സഹകരിക്കുകയാണെങ്കില്‍ അതു ത്രികോണമത്സരമായി മാറും. ബി.ജെ.പിയെയും ബി.എസ്.പിയെയും പരാജയപ്പെടുത്തലാണു തങ്ങളുടെ ലക്ഷ്യമെന്നു വിശാല മതേതരസഖ്യത്തിന്റെ നേതാക്കള്‍ പറഞ്ഞു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാദീക്ഷിതിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നേരത്തെ പ്രചാരണം തുടങ്ങിയിരുന്നത്.
പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി ഇതിനകം നിരവധി റാലികള്‍ സംസ്ഥാനത്തു സംഘടിപ്പിച്ചിരുന്നു. റാലികളില്‍ രാഹുല്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെയും രാഹുലിന്റെയും പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനം കൂടിയാണ് യു.പി.
ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മായാവതി തന്നെയാണ്. അവര്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്നതും. എന്നാല്‍ ബി.ജെ.പിക്ക് ഇനിയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."