അംഗപരിമിതര്‍ക്കുള്ള ഉപകരണ വിതരണ ക്യാംപ് രണ്ടിന്
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് ജില്ലയിലെ അംഗപരിമിതര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള മെഗാ ക്യാംപ് ജനുവരി രണ്ടിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നേരത്തേ അംഗപരിമിതര്‍ക്കായി നടത്തിയ ഉപകരണ നിര്‍ണയ ക്യാംപുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ആര്‍ട്ടിഫിഷ്യല്‍ ലിംപ്‌സ് മാനുഫാക്ചറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(അലിംകോ) രൂപകല്‍പന ചെയ്ത സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യുക. ഗുണഭോക്താക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് സാമൂഹ്യനീതി വകുപ്പില്‍ നിന്ന് ലഭിക്കും. ക്യാംപിന്റെ വിജയകരമായ നടത്തിപ്പിനായി മേയര്‍ ഇ.പി ലത രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ചെയര്‍മാനും കലക്ടര്‍ മീര്‍ മുഹമ്മദലി കണ്‍വീനറുമായി സംഘാടക സമിതിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."