ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി പ്രവാസ ലോകവും
മനാമ: ക്രിസ്മസിനെ വരവേല്‍ക്കാന്‍ പ്രവാസ ലോകവും ഒരുങ്ങി. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇവിടെ കരോളുകള്‍ സജീവമാണ്. വിവിധ പള്ളികളിലെ വിശ്വാസികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിലാണ് കരോളുകള്‍ നടക്കുന്നത്. ഓരോ ഫ്‌ളാറ്റുകളും കയറിയിറങ്ങിയാണ് പ്രവാസ ലോകത്തെ കരോളുകള്‍ സജീവമായിരിക്കുന്നത്.
ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം പകരുന്ന വിധം വിവിധ ഷോപ്പിംഗ് മാളുകളും കച്ചവട സ്ഥാപനങ്ങളും അലങ്കാര പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.
ക്രിസ്മസ് കരോളുകള്‍ക്ക് ഒപ്പം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കുന്ന തിരക്കിലാണ് വിശ്വാസികള്‍. പല അപ്പാര്‍ട്ട്‌മെന്റുകളിലും നക്ഷത്രങ്ങള്‍ തൂക്കിക്കഴിഞ്ഞു. ബഹ്‌റൈനിലെ വിവിധ പള്ളികളില്‍ വൈവിധ്യമാര്‍ന്ന പുല്‍കൂടുകളും ക്രിസ്മസ് ട്രീയും ഒരുക്കിയിട്ടുണ്ട്. പല ഭാഗങ്ങളിലും മഴവില്ലിന്റെ നിറശോഭയുള്ള നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും തെളിഞ്ഞിട്ടുണ്ട്.
സ്വന്തമായി പുല്‍ക്കൂടും ക്രിസ്മസ് ട്രീകളും ഉണ്ടാക്കുന്നവര്‍ കുറവാണ്. കൂടുതല്‍ പേരും വിപണിയെയാണ് ആശ്രയിക്കുന്നത്. ക്രിസ്മസ് അപ്പൂപ്പന്റെ വേഷങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. മൂന്ന് ദിനാര്‍ മുതല്‍ നക്ഷത്രങ്ങള്‍ക്കും എട്ട് ദിനാര്‍ മുതല്‍ ക്രിസ്മസ് ട്രീകള്‍ക്കും വിലയിട്ടാണ് വില്‍പന. കൂടാതെ കടകമ്പോളങ്ങളിലെല്ലാം ചുവന്ന ക്രിസ്മസ് തൊപ്പികളും വിളക്കുകളും കേക്കുകളും ഉടുപ്പുകളുമായി ആവശ്യക്കാരെ കാത്തിരിക്കുന്നു.
പലയിടങ്ങളിലും ഡിജിറ്റല്‍ നക്ഷത്രങ്ങളും എല്‍.ഇ.ഡി പുല്‍ക്കൂടുകളും ലഭ്യമാണ്. ക്രിസ്മസ് ട്രീകള്‍ക്കുമുണ്ട് പ്രത്യേകതകള്‍. ചെറിയത് മുതല്‍ അഞ്ച് അടിവരെയുള്ള ക്രിസ്മസ് ട്രീകള്‍ കടകളില്‍ ലഭ്യമാണ്.
ഈ വര്‍ഷത്തെ ക്രിസ്മസ് ഞായറാഴ്ചയായതിനാല്‍ പ്രവാസികള്‍ക്ക് അവധിയുണ്ടാവില്ല. അതേ സമയം കഴിഞ്ഞ വര്‍ഷം നബിദിന അവധിയിലായിരുന്നു ഗള്‍ഫില്‍ ക്രിസ്മസ് എത്തിയിരുന്നത് എന്നതിനാല്‍ വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. എങ്കിലും വിവിധ സംഘടനകളുടെ കീഴിലായി ഈ വര്‍ഷവും പ്രവാസ ലോകത്തെ വിസ്മയിക്കുന്ന നിരവധി പരിപാടികളാണ് സംഘടനാ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."