പ്രവാസി പ്രശ്‌നങ്ങളില്‍ വാഗ്ദാനപെരുമഴയുമായി മുഖ്യമന്ത്രിയുടെ ദുബൈ വാര്‍ത്താ സമ്മേളനം
ദുബൈ: പ്രവാസിപ്രശ്‌നങ്ങളില്‍ പരിഹാരങ്ങളും വാഗ്ദാനങ്ങളും നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തി.
പ്രവാസികളുടെ പ്രശ്‌നങ്ങളിലെല്ലാം അധികം വൈകാതെ സംസ്ഥാന ഗവര്‍മെണ്ടിന്റെ നടപടികള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നോര്‍ക റൂട്‌സ് ഭരണസമിതി പുനക്രമീകരിക്കും. എന്‍ആര്‍ഐ കമ്മീഷനും പ്രവര്‍ത്തനം സക്രിയമാക്കും.
പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ടം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഒരു വര്‍ഷം മുമ്പായി 2021 ല്‍ തന്നെ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി സ്മാര്‍ട്ട് സിറ്റി സംരംഭകരായ ദുബായ് ഹോള്‍ഡിങ്‌സ് അധികൃതരുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകളിലാണ് അവര്‍ ഈ ഉറപ്പ് നല്‍കിയത്. കേരളത്തിന്റെ ഡിജ്റ്റല്‍ വിപ്‌ളവത്തിന്റെ ഭാഗമാകാന്‍ ഇത്തരം പദ്ധതികള്‍ ഉപകരിക്കും.
ഇതോടൊപ്പം തന്നെ കേരളത്തിന്റെ ടൂറിസം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ദുബായ് ഹോള്‍ഡിങ്‌സ് താല്‍പ്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ദേശീയ നിലവാരത്തിലുള്ള ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാനായി ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
ടൂറിസവും ആയുര്‍വേദവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ മാറ്റിയെടുക്കാനാവും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ദുബായ് ഹോള്‍ഡിങ്‌സിന് പുറമെ അനവധി പ്രവാസി വ്യവസായികളും താല്‍പ്പര്യം കാണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ടൂറിസം രംഗത്ത് വിസ്മയകരമായ കാര്യങ്ങളാണ് ദുബായ് നടപ്പിലാക്കിയത്. അത്രയൊന്നുമില്ലെങ്കിലും കുറെ കാര്യങ്ങള്‍ ചെയ്യാന്‍ ദുബായ് ഹോള്‍ഡിങ്‌സുമായുള്ള സഹകരണം വഴിതുറക്കും.
ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ സെപ്തംബറില്‍ കേരളം സന്ദര്‍ശിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ ദുബായ് 'ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെയും മന്ത്രി ഗര്‍ഗാവിയേയും കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കിക്കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ഹജ്ജ് വിമാനങ്ങളും കോഴിക്കോട് നിന്ന് പുറപ്പെടണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
കേന്ദ്ര മന്ത്രിയുമായും സിവില്‍ ഏവിയേഷന്‍ അധികൃതരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷാര്‍ജയില്‍ മലയാളികള്‍ക്കായി ഒരു സാംസ്‌കാരിക നിലയം പണിയാന്‍ സ്ഥലം അനുവദിക്കണമെന്ന് ഷാര്‍ജ 'ഭരണാധികാരിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഫാമിലി സെന്റര്‍ മാതൃകയില്‍ സ്വന്തമായി വീട് നിര്‍മ്മിക്കാനുള്ള ടൌണ്‍ഷിപ്പിന് സ്ഥലം അനുവദിച്ചുതരാനും അപേക്ഷിച്ചിട്ടുണ്ട്.
സ്ഥലം കിട്ടുന്ന മുറക്ക് ഇതിന്റെ പ്രായോഗിക വശങ്ങള്‍ ചര്‍ച്ചചെയ്യും.
ചികില്‍സാ സൌകര്യം മെച്ചപ്പെടുത്താനായി കൂടുതല്‍ ക്‌ളിനിക്കുകള്‍ സ്ഥാപിക്കാനും മലയാളം കൂടി പഠിപ്പിക്കാനാവുന്ന സ്‌കൂളുകള്‍ സ്ഥാപിക്കാനും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."