മുന്‍ കുടിശ്ശിക കിട്ടിയില്ല; നഗരസഭയിലെ ടെന്‍ഡര്‍ നടപടി കരാറുകാര്‍ ബഹിഷ്‌ക്കരിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 61 പ്രവൃത്തികളുടെ ടെന്‍ഡറുകള്‍ നിലമ്പൂര്‍ താലൂക്ക് ചെറുകിട കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കരാറുകാര്‍ ബഹിഷ്‌ക്കരിച്ചു. ഒരു കരാറുകാരന്‍ മാത്രമാണ് ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുത്തത്.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ നിന്നുമായി കരാറുകാര്‍ക്ക് ലഭിക്കാനുണ്ടായിരുന്ന 4,18,36,000 രൂപയില്‍ 2014-15 പ്ലാന്‍ ഫണ്ടില്‍ നിന്നും 93,48,535 രൂപ നല്‍കാന്‍ ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ ഈ തുക കരാറുകാര്‍ക്ക് നല്‍കാതെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ ടെന്‍ഡര്‍ നടപടിയുമായി നഗരസഭ മുന്നോട്ട് പോകുകയായിരുന്നു. ഇതിനാലാണ് കഴിഞ്ഞ ദിവസത്തെ ടെന്‍ഡറുകള്‍ കരാറുകാര്‍ ബഹിഷ്‌കരിച്ചത്.
മുമ്പ് നടന്ന പ്രവൃത്തികളുടെതായി നഗരസഭ കരാറുകാര്‍ക്ക് കേടികളാണ് നല്‍കാനുള്ളത്. കണക്ക് പ്രകാരം തനത് ഫണ്ടില്‍ നിന്നും പൊതുമരാമത്ത് ഫണ്ടില്‍ നിന്നുമായി കരാറുകാര്‍ക്ക് നിലമ്പൂര്‍ നഗരസഭ 5,64,72,697 രൂപ കുടിശികയായി നല്‍കാനുണ്ടെന്ന് കാരാറുക്കാര്‍ പരാതിപ്പെടുന്നു. തനത് ഫണ്ടില്‍ പണി പൂര്‍ത്തീകരിച്ച പ്രവൃത്തികളില്‍ നിന്നുമാത്രം 2,64,36,697 രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തിക്ക് പ്രൊജക്ട് ഇല്ലാത്തതിനാല്‍ ഈ പണം എന്ന് കിട്ടുമെന്ന് പോലും നിശ്ചയമില്ല. നഗരസഭയുടെ വാതിലുകള്‍ പല പ്രാവശ്യം മുട്ടിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ രണ്ട് പൊതുമരാമത്ത് കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ബാക്കി കരാറുകാര്‍ കേസില്‍ കക്ഷി ചേരും. വരും ദിവസങ്ങളില്‍ നടക്കുന്ന ടെന്‍ഡര്‍ നടപടികളും ബഹിഷ്‌കരിക്കാനാണ് കരാറുകാരുടെ തീരുമാനം. പൊതുമരാമത്ത് വകുപ്പ് 2014-15 ല്‍ 4,18,36,000 രൂപയുടെ പ്രവൃത്തിയാണ് ടെണ്ടര്‍ ചെയ്തിരുന്നത്. ഇതില്‍ മൂന്ന് കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇതില്‍ പണം ലഭിക്കാതെ വന്നതോടെയാണ് മറ്റുപ്രവൃത്തികള്‍ കരാറുകാര്‍ ഉപേക്ഷിച്ചത്. വ്യക്തമായ ഒരു പ്ലാനുമില്ലാതെ മുന്‍ നഗരസഭ ഭരണ സമിതി കരാറുകാരെ പ്രവൃത്തികള്‍ ഏല്‍പ്പിക്കുകയായിരുന്നു. നഗരസഭയെ വിശ്വസിച്ച് പ്രവൃത്തി നടത്തിയ കരാറുകാരാണ് കടക്കെണി പെരുകി ദുരിതത്തിലായിരിക്കുന്നത്. നഗരസഭാ പരിധിയില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികള്‍ക്ക് ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നിരുന്നു. 12 കരാറുകാരാണ് വെട്ടിലായിരിക്കുന്നത്. മുന്‍ ഭരണസമിതിയെ സമീപിക്കുമ്പോള്‍ പുതിയ ഭരണസമിതിയെ സമീപിക്കാനാണ് ഇവര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. പുതിയ ഭരണസമിതിയാകട്ടെ ഇവര്‍ക്ക് മുന്നില്‍ കൈമലര്‍ത്തുകയാണ്. കോടതിയെ സമീപിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്ന അവസ്ഥയിലാണ് കരാറുകാര്‍. അതേസമയം തനത് ഫണ്ട് കുടിശ്ശികയിലേക്ക് 50 ലക്ഷം രൂപ തിങ്കളാഴ്ച നല്‍കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. തനത് ഫണ്ടിന് പ്രൊജക്ട് ഉള്ളതിനാല്‍ കരാറുകാര്‍ക്ക് ഈ തുക ലഭിക്കുന്നതിന് തടസമില്ലെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."