സമ്പൂര്‍ണ വൈദ്യുതീകരണത്തിന് എല്ലാവരുടേയും സഹായം വേണം മന്ത്രി എം.എം മണി
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളും സമ്പൂര്‍ണമായി വൈദ്യുതീകരിക്കുകയാണു വൈദ്യുതി വകുപ്പിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്നു വൈദ്യുതി മന്ത്രി എം.എം. മണി. 1,16,000 വീടുകള്‍ കേരളത്തില്‍ ഇനിയും വൈദ്യുതീകരിക്കാനുണ്ടെന്നാണ് കണക്ക്. നിര്‍ധന, ദുര്‍ബല വിഭാഗങ്ങളുടെ ഈ വീടുകളില്‍ വയറിങ് നടത്തുന്നതിനും മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിനും സംഘടനകളും ജനപ്രതിനിധികളും മുന്നോട്ടു വരണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.
എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂപരിഷ്കരണം, സാര്‍വത്രിക വിദ്യാഭ്യാസം, സാക്ഷരത, ജനകീയാസൂത്രണം തുടങ്ങി നിരവധി രംഗങ്ങളില്‍ കേരളം രാജ്യത്തിനു മാതൃകയാണ്. വൈദ്യുതീകരണത്തിന്റെ കാര്യത്തിലും ഈ നേട്ടം കൈവരിക്കാനാകണം. ഭവനരഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. സമ്പൂര്‍ണ വൈദ്യുതീകരണം തുടര്‍ പ്രക്രിയയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, പി.എന്‍. സീനുലാല്‍, എം.ആര്. അഭിലാഷ്, ഷാജന് ആന്റണി, കെ.എസ്.ഇ.ബി ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ (ഡിസ്ട്രിബ്യൂഷന്‍) സി.വി നന്ദന്, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹൈബി ഈഡന് എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നുള്ള തുക പ്രയോജനപ്പെടുത്തിയാണ് എറണാകുളം മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."