ഷംനയുടെ മരണം: അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലെന്ന്
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിഭാഹം മേധാവിക്കും പി.ജി വിദ്യാര്‍ഥിക്കും എതിരേയുള്ള അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ആരോഗ്യ, കുടുംബ ക്ഷേമം ജോയിന്റ് ഡയറക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ മനുഷ്യവകാശ കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി.മോഹന്‍ദാസിനെയാണ് സര്‍ക്കാര്‍ തീരുമാനം ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇതനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്ഷന് പിന്‍വലിച്ച് സര്‍വീസില്‍ പ്രവേശിപ്പിച്ച രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.
വിദ്യാര്‍ഥിനിയുടെ മരണം മെഡിക്കല്‍ ഓഫിസര്‍മാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മിഷന് കഴിഞ്ഞ ഒക്ടോബര്‍ 16ന് വിലയിരുത്തിയിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജിനെയും ജനറല്‍ മെഡിസിന് വിഭാഗം റസിഡന്റായ ഡോ.ബിനോ ജോസിനെയും അച്ചടക്ക നടപടിക്ക് വിധേയമായി മെഡിക്കല്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ വകുപ്പ്തല അന്വേഷണവും പൊലിസ് അന്വേഷണവും പൂര്‍ത്തിയാകുന്നതിന് മുമ്പ് സര്‍ക്കാര്‍ സസ്പെന്ഷന് പിന്‍വലിച്ചു. ഇതിനെതിരേ ഷംനയുടെ പിതാവ് മനുഷ്യാവകാശ കമ്മിഷന് നല്കിയ പരാതി ആരോഗ്യ വകുപ്പിന് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."