കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട സംഭവം: ജീവനക്കാരനെതിരേ കേസെടുത്തു
മട്ടാഞ്ചേരി: പതിനൊന്ന് വയസുകാരനെ മിഠായി മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് മണിക്കൂര്‍ തടഞ്ഞുവച്ച സംഭവത്തില്‍ ജീവനക്കാരനെതിരേ തോപ്പുംപടി പൊലിസ് കേസെടുത്തു. ചുള്ളിക്കല്‍ റിലയന്‍സ് ഫ്രെഷ് ജീവനക്കാരനും തൃശൂര്‍ കരിപ്പയില്‍ വീട്ടില്‍ സിന്റോ കെ. ആന്റോ (29)നെതിരെയാണ് തോപ്പുംപടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബുധനാഴ്ച രാത്രി 7.30ന് ചുള്ളിക്കല്‍ റിലയന്‍സ് ഫ്രെ ഷിലായിരിന്നു സംഭവം. കുട്ടിയെ രാത്രി 10.30ന് നാട്ടുകാരുടെ സഹായത്താലാണ് മോചിപ്പിച്ചത്. സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ കൊച്ചങ്ങാടി സ്വദേശി പി.എ മനാഫ് കരച്ചില് കേട്ട് സ്റ്റോര്‍ തമില്‍ കയറി നോക്കിയപ്പോഴാണ് കുട്ടി കരയുന്നതും ജീവനക്കാരന് വടിയുമായി നില്ക്കുന്നതും കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി സ്ഥാപനത്തിന് മുന്നില്‍ തടിച്ച് കൂടി.
പൊലിസ് എത്തി ജീവനക്കാരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ജീവനക്കാരനെതിരേ പൊലിസ് കേസെടുത്തത്. കൂടുതല്‍ പേര് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടോന്നറിയുന്നതിനായി സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് തോപ്പുംപടി എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."