ആര്.എസ്.എസ് പ്രവര്‍ത്തകനെ വീടു കയറി വെട്ടി;ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
മലയിന്‍കീഴ്:വിളപ്പില്‍ശാല പൊലിസ് സ്റ്റേഷന് അതിര്‍ത്തിയിലെ കൊല്ലംകോണത്ത് ആര്.എസ്.എസ് മണ്ഡലം കാര്യവാഹകിനെ വീടുകയറി വെട്ടി. കൊല്ലം കോണം എസ്.എന്‍ഡിപി ഹാളിനു സമീപം താമസിക്കുന്ന പ്രസാദിന്റെ വീട്ടില്‍ കയറിയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ സംഘം വീട്ടിനകത്തു കയറി , ആദ്യം ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു. ഇത് തടയാന്‍ ചെന്നപ്പോഴാണ് പ്രസാദിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഏതാണ്ട് ഒരു മണിക്കൂറോളം ഇവര്‍ വീട്ടിനകത്ത് ഭീതി പടര്‍ത്തി. പരുക്കേറ്റ പ്രസാദ് വിളപ്പില്‍ശാല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സയിലാണ്.
കൊല്ലംകോണം കേന്ദ്രീകരിച്ച് ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ട്. ഈ ഗ്രൂപ്പില്‍ ഇട്ട ചില പോസ്റ്റുകളെ ചൊല്ലി പരസ്പര ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ചൊല്ലി നടന്ന വാക്കേറ്റമാണ് വീട് കയറി ആക്രമണത്തിന് കാരണമായതെന്ന് പൊലിസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രതിഷേധയോഗവും നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."