തിരൂരില്‍ മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
തിരൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികരായ രണ്ടു പേര്‍ക്കും ആശാപ്രവര്‍ത്തകയ്ക്കും പരുക്ക്. തിരൂര്‍ തെക്കുംമുറി പാട്ടുപറമ്പിനു സമീപത്തെ അമ്പരംപറമ്പില്‍ മാധവന്റെ ഭാര്യ സുലോചന (63), തെക്കുംമുറി തയ്യില്‍പ്പടി വീട്ടില്‍ ശ്രീധരന്റെ ഭാര്യയും തിരൂര്‍ നഗരസഭയിലെ ആശാ പ്രവര്‍ത്തകയുമായ ശ്രീജ (42), തെക്കുംമുറി ദീപം വീട്ടിലെ കരുണാകര മേനോന്‍ (84) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ തെരുവുനായ അക്രമിച്ചു പരുക്കേല്‍പ്പിച്ചത്.
ഇരു കാലിനും കൈയ്ക്കും സാരമായി കടിയേറ്റ സുലോചനയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവര്‍ക്കു തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീട്ടില്‍ തുണി അലക്കി ഉണക്കാനിടുന്നതിനിടയിലാണ് കരുണാകരമേനോന്റെ വീട്ടിലെ സഹായിയായ സുലോചനയെ തെരുവുനായ കടിച്ചത്. ഒപ്പമെത്തിയ രണ്ടു നായകളില്‍ ഒന്ന് സുലോചനയെ ഓടിയെത്തി മാരകമായി കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. ബഹളംകേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയതോടെ നായകള്‍ ഓടിപ്പോയി.
ഇതിനു ശേഷമാണ് തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കാന്‍ പോകുകയായിരുന്ന ശ്രീജയെ പാട്ടുപറമ്പ് ക്ഷേത്രത്തിനു സമീപത്തെ മാങ്ങാട്ടിരി പ്രദേശത്തേക്കുള്ള റോഡില്‍വച്ച് ഇതേ നായ അക്രമിച്ചത്. അയല്‍വാസിയായ അനിലയ്‌ക്കൊപ്പം നടന്നുവരുന്നതിനിടെ എതിരേവന്ന നായ അക്രമിക്കുകയായിരുന്നു. അനില ഭയന്നോടുകയും പരിഭ്രാന്തയായ ശ്രീജ റോഡരികിലെ ഓവുചാലിലേക്കു വീഴുകയും ചെയ്തു. ഇവരുടെ കൈയ്ക്കാണ് കടിയേറ്റത്.
ബഹളംകേട്ട് യാത്രക്കാര്‍ എത്തിയതോടെ നായ രക്ഷപ്പെട്ടു. ഇതിനു ശേഷമാണ് കരുണാകര മേനോനെ കടിച്ചത്.
വീടിനു സമീപത്തെ വാടകക്കെട്ടിടത്തില്‍ സുലോചനയെ കടിച്ച നായയെ കണ്ടതോടെ ഇദ്ദേഹം കല്ലെടുത്ത് എറിയുകയായിരുന്നു. ഈ സമയത്ത് നായ ഓടിയെത്തി കടിക്കുകയായിരുന്നു. നായയുടെ കടിയേറ്റും നിലത്തുവീണുമാണ് ഇദ്ദേഹത്തിനു കൈയ്ക്കും നെറ്റിയിലും പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."