ഒന്നാം ഏകദിനത്തില്‍ കിവികള്‍
ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനു വിജയം. 77 റണ്‍സിനാണു കിവികള്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 341 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് നിര 44.5 ഓവറില്‍ 264 റണ്‍സിനു പുറത്തായി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിനു മുന്നിലെത്തി.
ടോസ് നേടി ബാറ്റു ചെയ്യാന്‍ തീരുമാനിച്ച കിവി നായകന്‍ കെയ്ന്‍ വില്ല്യസിന്റെ തീരുമാനം ശരിയെന്നു തെളിയിക്കുന്നതായിരുന്നു ആതിഥേയരുടെ പ്രകടനം. ഓപണര്‍ ടോം ലാതം സെഞ്ച്വറിയുമായി തുടക്കമിട്ടപ്പോള്‍ പിന്നാലെ വന്നവരും മികച്ച സംഭാവനകള്‍ നല്‍കി. 121 പന്തില്‍ ഏഴു ഫോറും നാലു സിക്‌സും പറത്തി ലാതം 137 റണ്‍സ് നേടി.
മധ്യനിരയില്‍ 87 റണ്‍സുമായി കോളിന്‍ മണ്‍റോ ലാതത്തിനു മികച്ച പിന്തുണ നല്‍കി. 61 പന്തുകള്‍ നേരിട്ട് മണ്‍റോ എട്ടു ഫോറും നാലു സിക്‌സും പറത്തി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 158 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കിവീസ് സ്‌കോര്‍ 300 കടന്നു. വില്ല്യംസന്‍ (31), ബ്രൂം (22) എന്നിവരും പിടിച്ചു നിന്നു.
വിജയം തേടിയിറങ്ങിയ സന്ദര്‍ശകര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും അതിന്റെ പ്രതീക്ഷ സൃഷ്ടിക്കാനായില്ല. ഷാകിബ് അല്‍ ഹസന്‍ (59), മൊസദേഖ് ഹൊസൈന്‍ (പുറത്താകാതെ 50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 42 റണ്‍സ് നേടി മികവില്‍ നില്‍ക്കേ മുഷ്ഫിഖുര്‍ റഹീം പേശിവലിവിനെ തുടര്‍ന്നു പിന്‍മാറിയത് അവര്‍ക്ക് തിരിച്ചടിയായി. കിവികള്‍ക്കായി ലോക്കി ഫെര്‍ഗൂസന്‍, ജയിംസ് നീഷം എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ നേടി. ലാതമാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."